വോട്ട് പെട്ടിയിലായപ്പോൾ ആവേശം കെട്ടടങ്ങിയ നഗരമാണ് തിരുവനന്തപുരം. പ്രധാന സ്ഥാനാർഥികളായ ശശി തരൂരും രാജീവ് ചന്ദ്രശേഖറും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മണ്ഡലം വിട്ടു. വോട്ടെണ്ണൽ ദിവസമടുത്തതോടെ വീണ്ടും കൂട്ടലും കിഴിക്കലും തുടങ്ങിയിട്ടുണ്ട് മുന്നണികൾ.
ത്രികോണക്കാറ്റ് ആഞ്ഞുവീശിയ പ്രചാരണത്തിന് ശേഷമായിരുന്നു വോട്ടെടുപ്പ്. വോട്ടു ശതമാനം കുറഞ്ഞത് മുന്നണികൾക്ക് തലപുകയ്ക്കാനുള്ള ചൂടുള്ള വിഭവമായി പിന്നീട്. പക്ഷേ കണക്കു പിഴക്കില്ലെന്ന് ഉറപ്പിച്ച് വോട്ടെടുപ്പിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ ബെംഗളൂരുവിലേക്കും ശശി തരൂർ ഉത്തരേന്ത്യയിലേ പ്രചാരണത്തിനും വണ്ടികയറി. മണ്ഡലത്തിലുള്ളത് പന്ന്യൻ മാത്രം.
2019ൽ ലഭിച്ച ലക്ഷത്തിനടുത്തുള്ള ഭൂരിപക്ഷം ഇത്തവണ യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. എന്നാൽ, നെയ്യാറ്റിൻകര, പാറശാല, കോവളം മണ്ഡലങ്ങളിലൂടെ തലസ്ഥാനം കൈപിടിയിലൊതുക്കുമെന്ന് ഉറപ്പിച്ചു പറയുന്നു. 75000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് കോൺഗ്രസിന്‍റെ അവകാശവാദം. ന്യൂനപക്ഷ, ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോയെന്ന് വിശ്വസിച്ച് താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
പ്രചാരണത്തിലെ ത്രികോണാ ആവേശം പെട്ടിപ്പൊട്ടിക്കുമ്പോഴും കണ്ടാൽ, ക്ളൈമാസ് അറിയാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവരും.