satheesan-bar-bribe-26
  • 'യോഗം വിളിച്ചതിന് തെളിവുണ്ട്'
  • 'മുഖ്യമന്ത്രി മൗനം വെടിയണം'
  • യുഡിഎഫ് സമരം തുടങ്ങിയെന്ന് സതീശന്‍

മദ്യനയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന മന്ത്രിമാരുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അബ്കാരി നയത്തില്‍ ടൂറിസം വകുപ്പിന്‍റെ ഇടപെടലും അനാവശ്യ തിടുക്കവുമെന്തിനാണ്? എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പിന്‍റെ റോളെന്താണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ചര്‍ച്ച നടന്നില്ലെന്ന് മന്ത്രിമാര്‍ കള്ളം പറഞ്ഞതെന്തിനാണ്? യോഗം വിളിച്ചതിന് തെളിവുണ്ടെന്നും സംഭവത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച യു.ഡി.എഫ് മാതൃക പിന്തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, സര്‍ക്കാര്‍ മദ്യനയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് മന്ത്രിമാര്‍. നയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ബാറുടമയുടെ വിവാദ ശബ്ദസന്ദേശത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ശബ്ദസന്ദേശത്തില്‍ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി എം.ബി.രാജേഷ് ഡിജിപിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. സന്ദേശം സര്‍ക്കാരിന്‍റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നും ആരാണ് സന്ദേശത്തിന് പിന്നിലെന്നതടക്കമുള്ള വിവരങ്ങളില്‍ അന്വേഷണം വേണമെന്നും മന്ത്രി ഇമെയില്‍ മുഖേനെ അയച്ച പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, ബാറുടമകളുടെ പണപ്പിരിവിലെ ശബ്ദസന്ദേശം പുറത്തുവിട്ടതാരെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ രഹസ്യാന്വേഷണം നടത്തുന്നു. എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിനാണ് രഹസ്യമായി കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഐ.ടി പാര്‍ക്കുകളിലെ ബാര്‍ നടത്തിപ്പ് പ്രസിഡന്‍റും അടുപ്പമുള്ളവരും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് ശബ്ദസന്ദേശം പുറത്തുവിടാനുള്ള കാരണമായി ഒരു വിഭാഗം പറയുന്നത്. 

ENGLISH SUMMARY:

VD Satheesan raises six questions on alleged liquor policy discussion