mb-vd-bribe-22
  • മന്ത്രി 25 കോടിയുടെ അഴിമതിക്ക് ശ്രമിച്ചെന്ന് സുധാകരന്‍
  • 'ബാറുകളില്‍ ജി.എസ്.ടി പരിശോധന നടക്കുന്നില്ല'
  • സര്‍ക്കാര്‍ അബ്കാരികളുടെ കയ്യിലെന്ന് തിരുവഞ്ചൂര്‍

മദ്യനയത്തിലെ ഇളവിനായി കോഴ നല്‍കാന്‍ ബാറുടമകള്‍ പണപ്പിരിവ് നടത്തുന്നതായി ബാര്‍ ഉടമാ സംഘടനാ നേതാവിന്‍റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. 25 കോടി രൂപയുടെ അഴിമതിക്കാണ് മന്ത്രി എം.ബി രാജേഷ് ശ്രമിച്ചെതന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ ആരോപിച്ചു. ശബ്ദസന്ദേശം  പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആവശ്യപ്പെടാതെ പണപ്പിരിവ് നടത്തുമോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം.ബാറുകളില്‍ ജി.എസ്.ടി നിര്‍ബന്ധമാക്കുന്നില്ലെന്നും, പരിശോധിക്കുന്നില്ലെന്നും ബാറുടമകള്‍ക്ക് സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ അബ്കാരികളുടെ കയ്യില്‍ കിടന്ന് കളിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശബ്ദരേഖ പുറത്തുവന്നത് ഇതിന്‍റെ തെളിവാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. 

അതേസമയം, എല്‍ഡിഎഫ് സര്‍ക്കാരിന് കോഴ വേണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ മദ്യ നയത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്നുമായിരുന്നു എം.ബി. രാജേഷിന്‍റെ പ്രതികരണം. പണപ്പിരിവിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും തെറ്റായ പ്രവണത സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പണപ്പിരിവെന്നും മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല.

അനിമോന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബാറുടമകളില്‍ നിന്നും രണ്ടര ലക്ഷം രൂപ പിരിക്കുന്നത് ബില്‍ഡിങ് ഫണ്ടിനായെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മദ്യനയത്തില്‍ ഇളവ് വരുത്തുന്നതിനായി കോഴയായി നല്‍കുന്ന പണമാണിതെന്ന അനിമോന്‍റെ വാദം തള്ളിയാണ് സുനില്‍കുമാര്‍ മാധ്യമങ്ങളെ കണ്ടത്. അനിമോന്‍ ഉള്‍പ്പടെ ചിലര്‍ സംഘടനയ്ക്കെതിരായി പ്രവര്‍ത്തിക്കുകയാണ്. അനിമോനെ സസ്പെന്‍ഡ് ചെയ്യാന്‍ ഇന്നലെ തീരുമാനിച്ചെന്നും സുനില്‍കുമാര്‍ വെളിപ്പെടുത്തി. ബാറുടമകളില്‍ നിന്നും വായ്പയായാണ് പണം വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.