സമസ്ത മുഖപത്രം സുപ്രഭാതത്തിന് നയവ്യതിയാനമെന്ന ചീഫ് എഡിറ്റര്‍ ബഹാവുദ്ദീന്‍ നദ്‌വിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി.ഇ.ഒ മുസ്തഫ മുണ്ടുപാറയുടെ ലേഖനം. സമസ്ത പത്രത്തില്‍ തന്നെയാണ് ലേഖനം.
വാര്‍ത്തകളിലേക്കും പരസ്യങ്ങളിലേക്കും എല്ലാം വിഭാഗങ്ങളെയും പരിഗണിക്കുകയെന്ന നയം പത്രം തുടങ്ങുമ്പോഴേ തീരുമാനിച്ചതാണ്. ആദ്യ രക്ഷാധികാരിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നയം രൂപീകരിച്ചത്. അതില്‍ മാറ്റം വരുത്തിയിട്ടില്ല. പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് നദ്‌വിയും ലീഗ് നേതാക്കളും വിട്ടുനിന്നതിനെതിരെയും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം പത്രത്തില്‍ കൊടുത്തതോടെയാണ് വിവാദങ്ങളുടെ തുടക്കം.
സുപ്രഭാതത്തില്‍ നയംമാറ്റം സംഭവിച്ചതുകൊണ്ടാണ് ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നതെന്ന് ഡോ. ബഹാവുദ്ദീന്‍ നദ്‍വി പറഞ്ഞു. പത്രത്തില്‍ ചെറിയ തോതിലുളള നയംമാറ്റം ശ്രദ്ധയില്‍പ്പെട്ടു. ചെറിയ തോതിലുളള നയവ്യതിയാനമാണ് പിന്നീട് വലിയ വലുതായി മാറാറുളളത്. വരുന്ന സമസ്തയുടെ പണ്ഡിത സഭയില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷവുമായി സമസ്തയ്ക്കുളള അടുപ്പത്തിലുളള അസ്വസ്ഥതയും ഡോ. ബഹാവുദ്ദീന്‍ നദ്‍വി മറച്ചു വയ്ക്കുന്നില്ല. സമസ്തയിലെ ഇടതുപക്ഷത്തെ എതിര്‍ക്കുന്ന ചേരിയിലെ ഏറ്റവും പ്രധാന ശബ്ദമാണ് ഡോ.ബഹാവുദ്ദീന്‍ നദ്‍വി.