rjd-cpm-rajyasabha

ഇടതുമുന്നണിയില്‍ രാജ്യസഭാ സീറ്റ് കീറാമുട്ടിയാകുന്നു. സീറ്റ് ആവശ്യപ്പെട്ട് ആര്‍.ജെ.ഡിയും രംഗത്തെത്തി. അടുത്ത രാജ്യസഭാ സീറ്റ് ഒഴിവുവരുമ്പോള്‍ പരിഗണിക്കാമെന്ന് സി.പി.എം ഉഭയകക്ഷി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു എന്ന് ആര്‍.ജെ.ഡി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു.

ജൂലൈയില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് ഇടതുമുന്നണിക്ക് ജയിക്കാവുന്നത്. ഒന്ന് സി.പി.എമ്മിന്‍റേതാണ്. അവശേഷിക്കുന്ന സീറ്റിനായാണ് സി.പി.ഐക്കും കേരളകോണ്‍ഗ്രസ് എമ്മിനും പിന്നലെ ആര്‍.ജെ.ഡിയും രംഗത്തെത്തിയിരിക്കുന്നത്. ലോക്സഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആര്‍.ജെ.ഡി പരസ്യമായി പ്രതിഷേധിച്ചിരുന്നു. അനുനയിപ്പിക്കാന്‍ മാര്‍ച്ചില്‍ സി.പി.എം ആര്‍.ജെ.ഡിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ രാജ്യസഭാ സീറ്റ് വേണം എന്ന് ആര്‍.ജെ.ഡി ആവശ്യപ്പെട്ടു. ഒഴിവുവരുന്ന ഘട്ടത്തില്‍ പരിഗണിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ആര്‍.ജെ.ഡി പറയുന്നു.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും. മന്ത്രിസഭയിലും ലോക്സഭയിലും രാജ്യസഭയിലും പ്രാതിനിധ്യമില്ലെങ്കില്‍ ഇങ്ങനെ മുന്നോട്ടുപോകാന്‍ വിഷമമാണെന്നും വര്‍ഗീസ് ജോര്‍ജ് മുന്നറിയിപ്പ് നല്‍കുന്നു. മൂന്ന് കക്ഷികള്‍ ഒരുപോലെ അവകാശവാദം ഉന്നയിക്കുമ്പോഴും സി.പി.എം നിലപാട് വ്യക്തമാക്കിയിട്ടില്ല. 

Rajyasabha Seat:

RJD claims stake for rajya sabha seat