കുട്ടനാട്ടില്‍ സി.പി.എം- സി.പി.ഐ ഭിന്നത കൂടുതൽ രൂക്ഷമാകാന്‍ സാധ്യതയെന്ന് സൂചൂനകള്. സിപിഐയുമായി ബന്ധം സ്ഥാപിച്ച സി.പി.എം വിമതനായ രാമങ്കരി പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അവിശ്വാസത്തിലൂടെ പുറത്താക്കിയതാണ് ഇടക്കാലത്ത് ശമിച്ച വിഭാഗീയത വീണ്ടും ആളിക്കത്താൻ കാരണമായത്. യുഡി എഫ് കൊണ്ടു വന്ന അവിശ്വാസത്തെ സി.പി.എം പിന്തുണച്ചതിലുള പ്രതിഷേധം, സി.പി.ഐ ജില്ലാ നേതൃത്വം തന്നെ പ്രകടിപ്പിച്ചു. സിപിഐ മൽസരിച്ച മാവേലിക്കര ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ കുട്ടനാട്ടില്‍ സി.പി.എം- കോൺഗ്രസ് രഹസ്യ ധാരണയുണ്ടായിരുന്നുവെന്ന ആരോപണവും രാജിവച്ച പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാര്‍ ഉയർത്തിയത് രാഷ്ട്രീയ ചർച്ചയ്ക്ക് കാരണമാകും.
സി.പി.എം ടിക്കറ്റിൽ മൽസരിച്ച് ജയിച്ച് വിമത പക്ഷത്തിന്റെ നേതാവായി മാറിയ ആർ. രാജേന്ദ്രകുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നു നീക്കുക എന്നത് പാർട്ടി നേരത്തെ നിശ്ചയിച്ചതാണ്. തിരഞ്ഞെടുപ്പ് കാരണം വൈകിയെന്ന് മാത്രം. സി.പി.എം ശക്തികേന്ദ്രമായ കുട്ടനാട്ടിൽ പാർട്ടി അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും അടക്കം നിരവധി പേർ പാർട്ടി ബന്ധം ഉപേക്ഷിച്ച് സി.പി.ഐയിൽ ചേരാൻ കാരണം രാജേന്ദ്രകുമാറാണ് എന്നാണ് സി.പി.എം നേതൃത്വം കരുതുന്നത്. അവിശ്വാസം സി.പി.എം - കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണെന്ന വിമർശനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉയർത്തി. സിപിഐയുമായി സഹകരിച്ചുവന്ന രാജേന്ദ്രകുമാറിനെ നീക്കിയതില്‍ സിപിഐയ്ക്ക് അമര്‍ഷമുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ ഒരു വഭാഗം സി.പി.എം കോൺഗ്രസ് നേതാക്കൾ തമ്മിൽ രഹസ്യ ധാരണ ഉണ്ടായിരുന്നുവെന്ന ആരോപണം രാജിവച്ച പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറും ഉന്നയിച്ചു.
മാവേലിക്കര മണ്ഡലത്തിൽ സി.പി.ഐ പ്രതിനിധിയാണ് എല്‍.ഡി.എഫ് സ്ഥാനാർഥിയായിരുന്നത് എന്നത് ആരോപണത്തിന്റെ ഗൗരവം കൂട്ടുന്നു. എന്നാൽ സി.പി.ഐ പ്രാദേശിക നേതൃത്വം ഇത് പൂർണമായി തള്ളുകയാണ്. രാമങ്കരിയിലെ സി.പി.ഐ പ്രകടനം കടന്നുപോകുമ്പോൾ സി.പി.എം പ്രവർത്തകർ കൂക്കുവിളികളുമായി ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്ത് നില കൊണ്ടു. വരും ദിവസങ്ങളിലും സി.പി.എം - സി.പി.ഐ ഭിന്നതയുടെ അലയൊലികൾ കൂടുതൽ ശക്തമായി കുട്ടനാട്ടിൽ നിന്നുയരുമെന്ന് ഉറപ്പാണ്.