വടകരയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ കക്ഷിയോഗം വിളിക്കണമെന്ന ആവശ്യത്തോട് പ്രതിപക്ഷത്ത് വ്യത്യസ്ത അഭിപ്രായം. വര്‍ഗീയ പോസ്റ്റ് പ്രചരിപ്പിച്ചവരെ രക്ഷിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ആര്.എം.പി നേതൃത്വം പറയുമ്പോള്‍ യു.ഡി.എഫ് അവധാനതയോടേ ഇടപെടാവൂവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ പ്രചരിച്ച വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന വാട്സാപ് പോസ്റ്റാണ് വടകരയില്‍ അണയാതെ കത്തുന്നത്. ഷാഫിയെ ഒരു മതവിഭാഗത്തിന്റെ ആളായും എതിര് സ്ഥാനാര്‍ഥിയെ മോശമായും ചിത്രീകരിക്കുന്ന പോസ്റ്റ് സി.പി.എം സൈബര്‍ കേന്ദ്രങ്ങള്‍ തന്നെ പടച്ചുണ്ടാക്കിയതാണെന്നാണ് യു.ഡി.എഫ് ആക്ഷേപം.
പൊലീസ് കേസെടുത്തെങ്കിലും പോസ്റ്റിന് പിന്നില്‍ ആരെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനിടയിലാണ് വടകരയില്‍ സമാധാനം ഉറപ്പാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന ആവശ്യം ഉയരുന്നത്. ഭരണപക്ഷത്ത് നിന്ന് മാത്രമല്ല, സാദിഖലി തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ വിവാദ പോസ്റ്റിന് പിന്നില്‍ ആരെന്ന് പൊലീസ് ആദ്യം കണ്ടെത്തെട്ടയെന്നാണ് ആര്.എം പിയുടെ നിലപാട്.
സര്‍വകക്ഷിയോഗത്തെ അംഗീകരിക്കുമ്പോഴും അന്വേഷണകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നാണ് ലീഗിന്റെ നിലപാട്. സി.പി.എം പ്രതിക്കൂട്ടിലാകുമെന്ന് കണ്ടതോടെയാണ് സര്‍വകക്ഷിയോഗ ആവശ്യവുമായി വരുന്നതെന്നും ഇക്കാര്യത്തില്‍ യു.ഡി.എഫ് ജാഗ്രത പാലിക്കണമെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.ദുല്‍ഖിഫിലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് .