തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ 2008ല്‍ നടന്ന പ്രമാദയമായ കൊലപാതകമായിരുന്നു സി.പി.എം പ്രവര്‍ത്തകന്‍ ധനേഷിന്‍റേത്. ബി.ജെ.പി. പ്രവര്‍ത്തനായ സുജിത്തിനെ കൊന്നതിന്‍റെ പ്രതികാരമായി നടന്ന കൊലപാതകം. ബി.ജെ.പി. പ്രവര്‍ത്തകനായ സുജിത് കുമാറും രാഗേഷുമായിരുന്നു മുഖ്യപ്രതികള്‍. കൊലപാതകം നടന്ന അന്നുതന്നെ രാഗേഷ് ദുബൈയിലേയ്ക്കു കടന്നു. സുജിത് കുമാര്‍ രണ്ടു വര്‍ഷം ജയിലില്‍ കിടന്നു. ജാമ്യത്തിലിറങ്ങിയ ശേഷം അബുദാബിയിലേയ്ക്കു പറന്നു. ജാമ്യത്തിലിറങ്ങുമ്പോള്‍ പാസ്പോര്‍ട്ട് പൊലീസിന് നല്‍കേണ്ടതാണ്. പക്ഷേ, പാസ്പോര്‍ട്ട് അന്ന് സറണ്ടര്‍ ചെയ്തിരുന്നില്ല.
വിചാരണ തുടങ്ങണം, മുഖ്യപ്രതികളില്ല
തൃശൂര്‍ റൂറല്‍ പൊലീസിന്‍റെ പ്രധാന വെല്ലുവിളി ഈ കേസിലെ പ്രതികളെ നാട്ടില്‍ എത്തിക്കലായിരുന്നു. സുജിത് അബുദാബിയിലും രാഗേഷ് ദുബൈയിലുമാണെന്ന് പൊലീസ് മനസിലാക്കി. സി.ബി.ഐ മുഖേന ഇന്‍റര്‍പോളിനെ വിവരമറിയിച്ചു. പിന്നെ, നടപടിക്രമങ്ങള്‍ തുടര്‍ന്നു. കുറ്റവാളികളെ ഇന്ത്യയ്ക്കു കൈമാറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇയുണ്ട്. അതുക്കൊണ്ടുതന്നെ, നടപടിക്രമങ്ങള്‍ കുറച്ചുകൂടെ എളുപ്പമായി. ഇരുവരേയും അതതുരാജ്യത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് കേരള പൊലീസിനെ അറിയിച്ചു.
കേരള പൊലീസ് പറന്നു
പണ്ട് കേരള പൊലീസ് വിദേശത്തു പോയി പ്രതികളെ പിടിക്കാറില്ല. നിയമപരമായി കേരള പൊലീസിന് അധികാരമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതല്ല, കേരള പൊലീസിന് പറക്കാം പ്രതിയെ പിടിക്കാന്‍. അതിനുള്ള നിയമസംരക്ഷണം കിട്ടിക്കഴിഞ്ഞു. സി.ബി.ഐ. മുഖേന ഇന്‍റര്‍പോളിനെ അറിയിച്ചാണ് കേരള പൊലീസ് പറക്കുക. രാഗേഷിനെ പിടികൂടാന്‍ ദുബൈയിലേയ്ക്ക് പോയതും തൃശൂര്‍ റൂറല്‍ പൊലീസാണ്.
അബുദാബിയില്‍ ജോലി, സുഖജീവിതം
ധനേഷ് കേസില്‍ പ്രതിയാകുമ്പോള്‍ സുജിത്തിന് പ്രായം മുപ്പത്. ഇന്നിപ്പോള്‍ നാല്‍പത്തിയാറു വയസായി. കൊലക്കേസില്‍ പ്രതിയായ ശേഷം വിവാഹമോചിതനായി. ഏകമകള്‍ ദുബൈയില്‍ ജോലി ചെയ്യുന്നു. മകളെ കാണാന്‍ സുജിത് ദുബൈയില്‍ വരാറുണ്ട്. പതിനാറു വര്‍ഷവും നാട്ടില്‍ വന്നിട്ടില്ലെന്നാണ് യാത്രാരേഖകള്‍ പറയുന്നത്. പക്ഷേ, നേപ്പാള്‍ മുഖേന വ്യാജ പാസ്പോര്‍ട്ടില്‍ വന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കുറ്റകൃത്യം നടത്തി വിദേശത്തേയ്ക്കു മുങ്ങിയാല്‍ അവിടെയും കേരള പൊലീസ് എത്തുമെന്നതിന്‍റെ തെളിവാണ് ധനേഷ് കേസിലെ പ്രതികളുടെ കയ്യാമം.
അഞ്ചു ദിവസം അബുദാബിയില്‍
തൃശൂര്‍ റൂറല്‍ പൊലീസ് അബുദാബിയില്‍ എത്തി അഞ്ചു ദിവസം തങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നെടുമ്പാശേരിയിലേയ്ക്കു പ്രതിയുമായി വിമാനം കയറി. സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഇല്യാസ് അബ്ദുള്‍റഹ്മാന്‍, സബ് ഇന്‍സ്പെക്ടര്‍ എം.കെ.അസീസ്, എ.എസ്.ഐ: ബിനു ബാലപ്പന്‍നായര്‍ എന്നിവരടങ്ങിയ സംഘമാണ് അബുദാബിയില്‍ പോയി പ്രതിയെ കൊണ്ടുവന്നത്.