കണ്ണൂർ ഇരിട്ടി ശോഭ കൊലക്കേസിൽ പ്രതി മഞ്ജുനാഥ് കുറ്റക്കാരനെന്ന് തലശ്ശേരി കോടതി ഇന്ന് കണ്ടെത്തിയിരുന്നു. ഉയിർ എന്ന സിനിമയ്ക്ക് ഇതിവൃത്തമായത് ഈ കേസാണ്. എന്നാല്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് ശോഭ കൊലക്കേസിൽ സംഭവിക്കുന്നത്. ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി സ്ത്രീ ശോഭയുടെ രണ്ട് മക്കളെയും ഇന്ന് സംരക്ഷിക്കുന്നത് കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ എസ്.അര്‍ഷാദ് ആണ്. ഇപ്പോള്‍ തൃശൂര്‍ വെസ്റ്റ് സ്റ്റേഷനില്‍ സി.ഐ ആണ് അര്‍ഷാദ്.
ശോഭയുടെ രണ്ടാം ഭര്‍ത്താവായിരുന്ന കേസിലെ പ്രതി മഞ്ജുനാഥ് കൊലപാതകത്തിന് ശേഷം അന്നുതന്നെ ശോഭയുടെ ആദ്യവിവാഹത്തിലെ രണ്ടു മക്കളുമായി സ്ഥലംവിടുകയായിരുന്നു. മൈസൂരുവിലും ബംഗളൂരുവിലുമെത്തിയ ശേഷം അഞ്ച് വയസുള്ള ആണ്‍കുട്ടിയെയും അനിയത്തിയെയും കൂട്ടി മുംബൈയ്ക്ക് ട്രെയിന്‍ കയറി. യാത്രാമധ്യേ മഞ്ജുനാഥ് കുട്ടികളെ ട്രെയിനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
മക്കളെ ശോഭ വിറ്റെന്നായിരുന്നു മഞ്ജുനാഥിന്‍റെ മൊഴി. പക്ഷേ, ഇരിട്ടി സ്റ്റാന്‍ഡില്‍ നിന്ന് മക്കളുമായി മഞ്ജുനാഥ് പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. ബംഗ്ലുരു, മുബൈ ട്രെയിനില്‍ കുട്ടികളെ കയറ്റിവിടുകയായിരുന്നു. പിന്നീട്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കുട്ടികളെ കണ്ടെത്തി. രണ്ടു മക്കളേയും സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കാനായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ എസ്.അര്‍ഷാദിന്‍റെ തീരുമാനം. സ്വകാര്യത മാനിച്ച് കുട്ടികളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അര്‍ഷാദ് വെളിപ്പെടുത്തിയില്ല. ശോഭ കേസില്‍ മഞ്ജുനാഥ് കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ സത്യം ജയിച്ചെന്ന് അര്‍ഷാദ് പറഞ്ഞു.
2017 ജനുവരി 21നായിരുന്നു നാടോടി സ്ത്രീയായിരുന്ന ശോഭയെ പൊട്ടക്കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കിണറ്റില്‍ വീണ് മരിച്ചതാണെന്നാണ് ആദ്യം കരുതിയതെങ്കിലും അന്നത്തെ ഫൊറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണന്‍ നടത്തിയ നിരീക്ഷണം കേസില്‍ വഴിത്തിരിവായി. കിണറ്റില്‍ വീണ് മരിച്ചാല്‍ തലച്ചോറിലും വെള്ളമുണ്ടാകും. ഇതു മരിച്ച ശേഷമാണ് കിണറ്റിലിട്ടതെന്ന് അദ്ദേഹം കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തില്‍ ശോഭയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റില്‍ ഇട്ടതാണെന്ന് വ്യക്തമായി.
ട്രെയിനിലെ ശുചിമുറിയ്ക്ക് അരികില്‍ തന്നെയും അനിയത്തിയെയും ബെഡ്ഷീറ്റ് വിരിച്ച് കിടത്തി അയാള്‍ പോയി എന്നും അനിയത്തി വിശന്നുകരഞ്ഞപ്പോള്‍ ഒരു ആന്‍റി ഭക്ഷണം തന്നുവെന്നും പിന്നീട് പൊലീസ് വന്ന് ഹോസ്റ്റലിലേക്ക് കൊണ്ടുപോയെന്നുമാണ് അന്നത്തെ അഞ്ചുവയസുകാരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. കേസിലെ മൂന്നാം സാക്ഷിയായ കുട്ടിയുടെ മൊഴി പ്രകാരമാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യുന്നത്. അമ്മയെ കൊല്ലുന്നത് കണ്ടുവെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു. മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ശോഭയുടെ ആദ്യ ഭർത്താവ് രാജുവിന്‍റെ മരണത്തിലെ ചുരുളഴിഞ്ഞത്.
ശോഭയും താനും ചേര്‍ന്നാണ് രാജുവിന്‍റെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതെന്നും മൃതദേഹം വനത്തില്‍ കൊണ്ടുപോയി കത്തിച്ചെന്നും മഞ്ജുനാഥ് മൊഴി നല്‍കി. രാജുവിനെ കൊന്നകാര്യം പൊലീസിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെയായിരുന്നു ശോഭയെയും വകവരുത്തിയത്. ശോഭ കൊലക്കേസിൽ കർണാടക തിമ്മ രാജനഹള്ളി സ്വദേശിയായ മഞ്ജുനാഥിനുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.