മുഖ്യമന്ത്രിയെ കാണാൻ മുറിക്ക് സമീപമെത്തിയതിന് ഡൽഹി, കേരള ഹൗസിലെ രണ്ട് ജീവനക്കാർക്ക് മെമ്മോ. മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തിലേക്ക് മടങ്ങാനിരിക്കെ ബുധനാഴ്ച രാത്രി കൊച്ചിൻ ഹൗസിലെ മുറിക്ക് സമീപമെത്തിയ ജീവനക്കാർക്കെതിരെയാണ് റസിഡന്റ് കമ്മിഷണറുടെ നടപടി. എന്നാൽ, ഇരുവരും മുഖ്യമന്ത്രിയെ കണ്ടിരുന്നില്ല. വിവാദമായതോടെ ജീവനക്കാർക്കെതിരെ തുടർനടപടി പാടില്ലെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.
രാത്രി ഒൻപതരയോടെയാണ് കാറ്ററിങ് വിഭാഗത്തിലെ പി.സി. സുരേഷും ഹൗസ് കീപ്പിങ് വിഭാഗത്തിലെ സിബി ജോസും മുഖ്യമന്ത്രിയുടെ മുറിക്ക് സമീപമെത്തിയത്. ഇരുവരും മുഖ്യമന്ത്രിയുടെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അനാവശ്യമായി ആളുകൾ കൂട്ടംകൂടരുതെന്ന നിർദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റസിഡന്റ് കമ്മിഷണർ പുനീത് കുമാർ വിശദീകരണം തേടിയത്.
മുഖ്യമന്ത്രി കേരള ഹൗസിലേക്ക് എത്തുമ്പോൾ, കാണാൻ എത്തുന്നവരുടെ തിക്കും തിരക്കുമാണ് മുറിയിലും വരാന്തയിലും ഈ കൊച്ചിൻ ഹൗസിന് മുൻപിലും. മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദമുള്ള ജീവനക്കാരാണ് അദ്ദേഹത്തെ കാണാനെത്തിയത്. റസിഡന്റ് കമ്മിഷണറുടെ നോട്ടിസിന് ജീവനക്കാർ ഇന്നലെ മറുപടി നൽകി. ഇതിനിടെയാണ് നടപടി വിവാദമായത്. തുടർന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്. ജീവനക്കാർക്കെതിരെ ഒരു തുടർനടപടിയും സ്വീകരിക്കരുതെന്ന് റസിഡന്റ് കമ്മിഷണർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ എത്തിയത്. വാർത്താസമ്മേളനവും നടത്തിയാണ് മടങ്ങിയത്.