ജുവൈനല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. നിലവിലെ നിയമങ്ങളില്‍ മാറ്റം വേണം. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ നിയമനടപടിയുമായി ബന്ധപ്പെട്ട പ്രായപരിധി പതിനെട്ടില്‍ നിന്നും പതിനാറായി കുറയ്ക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
കൊലപാതകവും ലൈംഗികാതിക്രമവും ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച പശ്ചാത്തലത്തിലാണ് കുട്ടികളുടെ പ്രായം കണക്കാക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി പതിനെട്ടില്‍ നിന്ന് 16 ആയി കുറയ്ക്കണമെന്ന് കേരള ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന അഭിപ്രായം നിയമജ്ഞര്‍ തന്നെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ചില സംഭവങ്ങള്‍ മാത്രം കണക്കിലെടുത്ത് ഇത് ചെയ്യാന്‍ പറ്റില്ലെന്നും കുട്ടികള്‍ പ്രതിസ്ഥാനത്ത് വരുന്നത് പോലെ കുട്ടികള്‍ക്കെതിരായ അക്രമങ്ങളും വര്‍ധിക്കുകയാണെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി മദന്‍ ബി. ലൊക്കൂര്‍ അഭിപ്രായപ്പെട്ടിരുന്നു. കുട്ടികള്‍ കുറ്റവാളികളായി മാറാനുള്ള കാരണമാണ് അന്വേഷിക്കേണ്ടതെന്നും കുറ്റവാളികളായ കുട്ടികളെ പുനരധിവാസത്തിലൂടെ മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. കുട്ടികള്‍ കുറ്റവാളികളാകാനുള്ള യഥാര്‍ഥ കാരണങ്ങളിലേക്കും അതിന്റെ ശാശ്വതമായ പരിഹാരവുമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സമീപകാലത്ത് കേരളത്തിലും കുട്ടിക്കുറ്റവാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. അഭിരാം കൊലക്കേസിലും കരുവാറ്റയില്‍ അറുപത്തിയേഴുകാരനെ കൊന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കേസിലും കൗമാരക്കാരായിരുന്നു പ്രതികള്‍.