കോഴിക്കോട് പേരാമ്പ്രയിൽ ജപ്തി നടപടികൾക്കിടെ ആത്മഹത്യ ചെയ്ത കവിതയുടെ കുടുംബത്തിന്റെ കടബാധ്യത എഴുതിത്തള്ളാന്‍ നടപടിയെടുക്കുമെന്ന് ബാങ്കിന്റ ഉറപ്പ്. ഇക്കാര്യം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും അടുത്തമാസം 15ന് മുമ്പ് തീരുമാനമുണ്ടാകുമെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിനിധികള്‍ ബന്ധുക്കളെ അറിയിച്ചു. ഉറപ്പിന് പിന്നാലെ കവിതയുടെ മൃതദേഹം കൂത്താളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
നടുവണ്ണൂരിലെ ബാങ്കിന് മുന്നില്‍ അഞ്ചുമണിക്കൂറോളം നീണ്ട പ്രതിഷേധം. സബ് കലക്ടറുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തില്‍ ചര്‍ച്ച. ഒടുവില്‍ കടം എഴുതി തള്ളേണ്ടത് അനിവാര്യമാണെന്നും ഉന്നത അധികാരികളുടെ മുമ്പാകെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും നടുവണ്ണൂര്‍ ബ്രാഞ്ച് മാനേജരുടെ രേഖാമൂലമുള്ള ഉറപ്പ്. അതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നും അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഏറ്റുവാങ്ങിയ കവിതയുടെ മൃതദേഹവുമായി രാവിലെ പത്തുമണിയോടെ ബന്ധുക്കളും നാട്ടുകാരും നടുവണ്ണൂരിലെ ബാങ്കിന് മുന്നിൽ പ്രതിഷേധവുമായെത്തി. കോഴിക്കോട് - കുറ്റ്യാടി സംസ്ഥാനപാത ഉപരോധിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പൊലീസ് ഇടപെട്ട് വാഹനങ്ങള്‍ കടത്തിവിടാൻ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.ഇതിനിടയില്‍ ചിലരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി.
2018-ലാണ് വീട് നിർമ്മാണത്തിനായി കവിത 25 ലക്ഷം രൂപ വായ്പയെടുത്തത്. തിരച്ചടവ് മുടങ്ങിയതോടെ 50 ലക്ഷം രൂപയായി ബാധ്യത. വെള്ളിയാഴ്ട ബാങ്ക് ജീവനക്കാർ വീട് ജപ്തി ചെയ്യാനെത്തിയപ്പോഴുണ്ടായ മനോവിഷമത്തില്‍ വീടിന് പിറകിലുള്ള പഴയ കെട്ടിടത്തിൽ കവിത ജീവനൊടുക്കി.
അതേസമയം, നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ജപ്തി നടപടികളിലേക്ക് കടന്നതെന്നും പലതവണ അവസരം നല്‍കിയിട്ടും വായ്പ തിരിച്ചടച്ചില്ലെന്നും ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.