മണ്ഡലകാലം ആരംഭിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങാതെ കഴക്കൂട്ടത്തെ ശബരിമല ഇടത്താവളം. 13 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇടത്താവളം ഉദ്ഘാടനം ചെയ്തിട്ട് ഒന്‍പത് മാസമായി. അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നും ഉറപ്പാക്കാതെയാണ് മുന്‍ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തതെന്നും ആക്ഷേപമുണ്ട്.
മണ്ഡലകാലം തുടങ്ങി. ശബരിമലയിലേക്ക് ഭക്തലക്ഷങ്ങളുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. ഭക്തര്‍ക്ക് വിശ്രമിക്കാനും മറ്റുമായാണ് ശരണപാതയില്‍ ഇടത്താവളങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അങ്ങനെയൊരു ഇടത്താവളമാണ് കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തില്‍ നിര്‍മിച്ചത്. കിഫ്ബിയില്‍ നിന്ന് 13 കോടി രൂപ ചെലവഴിട്ട് മൂന്നുനിലകളിലായി 32000 ചതുരശ്ര അടിയില്‍ നിര്‍മിച്ച ഇടത്താവളത്തില്‍ ഒരേസമയം 300 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള അന്നദാന മണ്ഡപമുണ്ട്.
പ്രാദേശികമായി ഉപകാരപ്പെടുന്ന ഓഡിറ്റോറിയവും ഇടത്താവളത്തിന്റെ ഭാഗമായുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് കെട്ടിടം ഉദ്ഘാടനം ചെയ്തു. എന്നാല്‍, അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാതെ ഉദ്ഘാടനം ചെയ്തെന്നും ആക്ഷേപമുണ്ട്. കെട്ടിടത്തിലേക്കുള്ള വൈദ്യുതി, വെള്ളം എന്നിവ കണക്ഷന് ഉറപ്പായിട്ടില്ല. കസേര, മേശ ഉള്‍പ്പെടെ മറ്റ് സാധനങ്ങളുമില്ല. ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. കോടികള്‍ മുടക്കി നിര്‍മിച്ച ഇടത്താവളം എത്രയും വേഗം തുറക്കണമെന്നാണ് ആവശ്യം.