പമ്പയിൽ തീർത്ഥാടകരെ കാത്തിരിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം. ശുചിമുറികളിൽ വെള്ളമില്ലാത്തതും വൃത്തിഹീനമായ സാഹചര്യവും തീർത്ഥാടകരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. പിന്നിൽ അട്ടിമറിയുണ്ടെന്ന ഗുരുതര ആരോപണവുമായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് രംഗത്തെത്തി. എന്നാൽ അറ്റകുറ്റപ്പണികൾക്കിടെ പൈപ്പ് തകരാറിലായതാണെന്ന വിശദീകരണവുമായി പൊലീസ് ആരോപണം തള്ളി.
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർത്ഥാടകർ എത്തിത്തുടങ്ങി. മണ്ഡലകാലത്തിന് മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന ദേവസ്വം ബോർഡിന്‍റെയും അധികൃതരുടെയും അവകാശവാദങ്ങൾക്കിടയിലാണ് പമ്പയിലെ ഈ ദുരവസ്ഥ. പല ശുചിമുറികളിലും വെള്ളമില്ല, ഉപയോഗിക്കാനാകാത്ത വിധം വൃത്തിഹീനമായാണ് കിടക്കുന്നത്.
ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എത്തിയ മുഖ്യമന്ത്രിക്ക് മുന്നിൽ തീർത്ഥാടകർ പരാതി പറഞ്ഞിരുന്നു. തുടർന്ന് മുഖ്യമന്ത്രി നേരിട്ടെത്തി ശുചിമുറികൾ പരിശോധിക്കുകയും, വൃത്തിഹീനമായ സാഹചര്യം കണ്ട് കടുത്ത അതൃപ്തി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ കർശന നിർദേശം നൽകിയെങ്കിലും പുല്ലുവില കൽപ്പിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്.
അതേസമയം, ശുചിമുറികളിലേക്കുള്ള പൈപ്പ് വാൽവ് ആരോ മനപൂർവം അടച്ചതാണെന്ന ഗുരുതര ആരോപണവുമായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് രംഗത്തെത്തി. എന്നാൽ, അട്ടിമറി ആരോപണം പൊലീസ് പൂർണമായും തള്ളിക്കളയുകയാണ്. അറ്റകുറ്റപ്പണികൾക്കിടെ പൈപ്പ് തകരാറിലായതാണെന്നും, ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണ് എഡിജിപിയുടെ വിശദീകരണം.
പമ്പയിലെ ശോച്യാവസ്ഥ മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെ അധികൃതർ ഉണർന്നു പ്രവർത്തിച്ചു. ശുചിമുറികൾ വൃത്തിയാക്കാനും വെള്ളം എത്തിക്കാനും കരാറുകാർ നടപടികൾ ആരംഭിച്ചു.