kseb-report

വെയിലിൽ നിന്നുല്‍പാദിപ്പിക്കുന്ന വൈദ്യുതി പ്രയോജനപ്പെടുത്തി വൈകുന്നേരത്തെ വിളക്ക് തെളിയിച്ചാലോ. പകൽസമയത്ത് സോളർ നിലയങ്ങളിൽ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വലിയ ശേഷിയുള്ള ബാറ്ററി ബാങ്കുകളിൽ ശേഖരിച്ച് സൂക്ഷിച്ച് രാത്രികാലങ്ങളിൽ, വൈദ്യുതിക്ക് ക്ഷാമമുള്ള സമയത്ത് ഉപയോഗിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ബെസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം. 

വൈദ്യുതി മേഖലയിൽ വൻ മുന്നേറ്റത്തിന് തുടക്കമിട്ട് കേരളത്തിലെ ആദ്യ ബെസ് പദ്ധതി കാസർകോട് ജില്ലയിലെ മുള്ളേരിയയിൽ പ്രവർത്തനമാരംഭിച്ചു. വിജയകരമായി മുന്നേറുന്ന സംവിധാനം. രാജ്യത്തെ തന്നെ ആദ്യ നാല് മണിക്കൂർ സ്റ്റോറേജ് സംവിധാനമാണിത്. കേരളത്തിലെ ആദ്യ ഗ്രിഡ് സ്കെയിൽ ബെസ് പദ്ധതിയായ ഇതിൽനിന്നും 15 മെഗാവാട്ട് വൈദ്യുതി നാലുമണിക്കൂർനേരം തുടർച്ചയായോ അല്ലാതെയോ ലഭ്യമാക്കാൻ കഴിയും (15 മെഗാവാട്ട്/ 60 മെഗാവാട്ട് അവർ).

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷന്‍റെ (NHPC) സഹായത്തോടെയാണ് മുള്ളേരിയയിൽ ബെസ് നിർമ്മിച്ചത്. കേന്ദ്രസർക്കാർ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അനുവദിച്ച 5000 മെഗാവാട്ട് അവർ ബാറ്ററി സ്റ്റോറേജ് പദ്ധതികളിൽ രാജ്യത്ത് ആദ്യമായി കമ്മീഷൻ ചെയ്യുന്ന പദ്ധതിയാണ് ഇത് എന്ന വലിയ സവിശേഷതയുമുണ്ട്. ഒപെറ എനെർജി എന്ന സ്ഥാപനമാണ് പദ്ധതിയുടെ ഡെവലപ്പർ.

വമ്പന്‍ പവര്‍ ബാങ്ക് 

ബെസ് പദ്ധതി എന്താണെന്ന് സംശയം പ്രകടിപ്പിക്കുന്നവരോട് ലളിതമായി പറഞ്ഞാൽ, വൻതോതിൽ വൈദ്യുതി ശേഖരിച്ചുവെക്കാൻ കഴിയുന്ന ഒരു വമ്പൻ പവർ ബാങ്കാണെന്ന് വിശദീകരിക്കാം. പകൽ സമയത്തും വൈദ്യുതി ഉപയോഗം കുറവുള്ള സമയത്തും അധികമുള്ള വൈദ്യുതി ഇതിൽ സംഭരിച്ചുവെക്കാം. സന്ധ്യയ്ക്കുശേഷം, എല്ലാവരും ഒരുമിച്ച് ലൈറ്റുകളും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കുമ്പോൾ ഈ കരുതൽ ശേഖരം ഗ്രിഡിലേക്ക് തിരികെ നൽകാനാകും.

പുരപ്പുറ സൗരോർജ്ജ ഉല്‍പാദനത്തിൽ ഇന്ത്യയിലെ തന്നെ മുൻനിര സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ, പകൽ സമയത്ത് സോളർ വൈദ്യുതി സുലഭമായി ലഭിക്കുമ്പോഴും, സന്ധ്യയാകുന്നതോടെ വീടുകളിലും സ്ഥാപനങ്ങളിലും ഒരുമിച്ച് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നത് (Peak Load) വലിയ വെല്ലുവിളിയാണ്. ഈ പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരമാണ് 'ബെസ്'. 

പകൽ സമയത്തുമാത്രം ലഭ്യമാകുന്ന സോളർ വൈദ്യുതി പാഴായിപ്പോകാതെ രാത്രികാലങ്ങളിലും പ്രയോജനപ്പെടുത്താം എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ നേട്ടം. കൂടാതെ, വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത (Peak Demand) മറികടക്കാനും, വിലകൂടിയ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നത് കുറയ്ക്കാനും, ഉപഭോക്താക്കൾക്ക് തടസമില്ലാത്ത വൈദ്യുതി ഉറപ്പാക്കാനും ഈ പദ്ധതികൾ വഴിയൊരുക്കും.  

രാത്രിയിലെ ആവശ്യകതയുടെ എണ്‍പത് ശതമാനത്തോളം സംസ്ഥാനത്തിന് പുറത്തുനിന്നും വാങ്ങി ജനങ്ങൾക്ക് വിതരണം ചെയ്യേണ്ടിവരുന്ന സാഹചര്യത്തിൽ ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് വലിയ പ്രസക്തിയുണ്ട്. ദേശീയതലത്തിൽത്തന്നെ വൈദ്യുതിക്ക് ലഭ്യതക്കുറവ് നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഊർജപ്രതിസന്ധി പരിഹരിക്കുന്നതിന് ബെസ് പദ്ധതികൾ നടപ്പാക്കുക മാത്രമാണ് അടിയന്തിര പോംവഴി. 

മുള്ളേരിയ ഒരു തുടക്കം മാത്രമാണ്. മൈലാട്ടിയിൽ സ്ഥാപിക്കുന്ന വമ്പൻ ബെസ് പദ്ധതി (125 MW / 500 MWh) പൂർത്തീകരണത്തോടടുക്കുകയാണ്. കൂടാതെ, ശ്രീകണ്ഠപുരം (40 MW), പോത്തൻകോട് (40 MW), അരീക്കോട് (30 MW) എന്നിവിടങ്ങളിലും ബെസ് പദ്ധതികളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു.

ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനും 'ബെസ്' പദ്ധതികൾ സഹായിക്കും. അന്താരാഷ്ട്രതലത്തിൽ ബാറ്ററി ലഭ്യതയിലുള്ള വെല്ലുവിളികൾ മറികടന്ന് വരും മാസങ്ങളിൽ മറ്റ് പദ്ധതികൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ, സുസ്ഥിരവും തടസ്സമില്ലാത്തതുമായ ഒരു ഊർജ്ജഭാവിയാണ് കേരളത്തെ കാത്തിരിക്കുന്നത്.

battery-energy-storage-system-kerala:

Battery Energy Storage System (BESS) is a revolutionary grid-scale power storage technology recently launched in Mulleria, Kerala, to store daytime solar energy for nighttime use. This 15 MW system helps manage peak demand and ensures an uninterrupted, sustainable power supply across the state.