മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമായി പുതിയ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ. 24 പുതിയ ഇന്നോവ കാറുകൾ വാങ്ങാനാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിൽ 22 വാഹനങ്ങൾ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി നൽകും. ശേഷിക്കുന്ന രണ്ട് കാറുകൾ ഔദ്യോഗിക അതിഥികളുടെ യാത്രയ്ക്കായി ഉപയോഗിക്കും. വാഹനങ്ങൾ വാങ്ങാൻ ഏകദേശം 9.6 കോടി രൂപ ചെലവ് വരും. Also Read: ബോര്‍ഡ് കോര്പറേഷന് നിയമനം; എ ഗ്രൂപ്പിന് അവഗണന?; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നേതാക്കൾ
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അധികാരത്തിലെത്തിയ ഉടൻ മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് പുതിയ വാഹനങ്ങൾ വാങ്ങാമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, നിലവിലുള്ള വാഹനങ്ങൾക്ക് കാലപ്പഴക്കമേറിയതിനാൽ ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രിമാർ പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ചില മന്ത്രിമാർ സ്വകാര്യ വ്യക്തികളുടെ ആഡംബര വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചത് വലിയ വിവാദത്തിനും വഴിവെച്ചു.
ഈ സാഹചര്യത്തിലാണ് 24 പുതിയ ഇന്നോവ കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ പുതിയ വാഹനങ്ങൾക്കായി കോടികൾ ചെലവിടാനുള്ള തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെക്കാൻ സാധ്യതയുണ്ട്.