കണ്ണൂര്‍ പാടിയോട്ടുചാല്‍ സ്വദേശികളായ ജ്യോതിഷ്–അനുഷ ദമ്പതികളുടെ ആണ്‍കുഞ്ഞ് നീവ് നിധായ്ക്ക് ആണ് കഴിഞ്ഞ മാസം പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് ഓപ്പണ്‍ ശസ്ത്രക്രിയ ചെയ്തത്. ശിശുക്കളിൽ ആമാശയത്തിൽ നിന്ന് കുടലിലേക്ക് ഭക്ഷണം പോകുന്ന (പൈലോറസ്) പേശി കട്ടിയായി അടഞ്ഞുപോകുന്ന അവസ്ഥ (പൈലോറിക് സ്റ്റെനോസിസ്) ആയിരുന്നു കുഞ്ഞിന്.. പാല്‍ കൊടുത്താല്‍ കുട്ടി ഛര്‍ദിക്കുന്നത് പതിവായതോടെയാണ് പരിയാരത്ത് പീഡിയാട്രിക് വിഭാഗത്തില്‍ ചികില്‍സ തേടുന്നത്.
അന്ന് കുട്ടിയ്ക്ക് രണ്ടര മാസം മാത്രമായിരുന്നു പ്രായം.. കുട്ടിയെ പരിയാരത്ത് ശത്രക്രിയ ചെയ്തത് ഒക്ടോബര്‍ 11ന് ആയിരുന്നു. കുടലിലെ തടിപ്പ് മുറിച്ചു മാറ്റിയെന്നും ഛര്‍ദിക്കുന്നത് കുറച്ച് നാള്‍ കൂടി തുടരുമെന്നുമാണ് പീഡിയാട്രിക് സര്‍ജന്‍ പറഞ്ഞതെന്ന് രക്ഷിതാക്കള്‍ പറയുന്നു. 18ആം തിയതിയാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. അന്ന് രാത്രി തന്നെ കുട്ടി വീണ്ടും ഛര്‍ദിച്ചു. മൂക്കിലൂടെ രക്തവും വന്നു. തൊട്ടടുത്ത ദിവസം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അള്‍ട്രാ സൗണ്ട് സ്കാനിങ്ങില്‍ മുറിച്ചുമാറ്റിയെന്ന് പറഞ്ഞ തടിപ്പ് അതേരൂപത്തില്‍ കണ്ടതായി ഡോക്ടര്‍മാര്‍ രക്ഷിതാക്കളോട് പറഞ്ഞു.. ഇതിന്‍റെ രേഖകള്‍ രക്ഷിതാക്കള്‍ തെളിവായി കാട്ടുന്നു. 6 മില്ലിമീറ്റര്‍ ഉണ്ടായിരുന്ന തടിപ്പ് 5.7 മില്ലിമീറ്റര്‍ മാത്രമാണ് കുറഞ്ഞതെന്നായിരുന്നു സ്കാനിങ് റിപ്പോര്‍ട്ട്. അഥവാ 0.3 മി.മീ മാത്രമാണ് പരിയാരത്തെ സര്‍ജന്‍ മുറിച്ച് മാറ്റിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ ഒക്ടോബര്‍ 21ന് വീണ്ടും കുട്ടിയെ ഓപ്പണ്‍ ശസ്ത്രക്രിയ ചെയ്തു. പത്ത് ദിവസത്തിനിടെ രണ്ട് ശസ്ത്രക്രിയ കുഞ്ഞുശരീരത്തില്‍ നടത്തേണ്ടി വന്നുവെന്ന് വേദനയോടെ മാതാപിതാക്കള്‍ പറഞ്ഞു. പരിയാരത്ത് നിന്ന് ശസ്ത്രക്രിയക്ക് ശേഷം വീണ്ടും അള്‍ട്രാ സൗണ്ട് സ്കാനിങ് നടത്തിയിരുന്നെങ്കില്‍ ഈ പ്രശ്നം കാണുമായിരുന്നുവെന്നും കുടലിലെ തടിപ്പ് മുറിച്ചുമാറ്റിയെന്ന് തങ്ങളോട് പറഞ്ഞത് തെറ്റായ വിവരമാണെന്നും മാതാപിതാക്കള്‍.
മംഗളൂരുവില്‍ നടത്തിയ ചികില്‍സ ഫലപ്രദമായതായും ഇപ്പോള്‍ കുഴപ്പങ്ങളില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. എന്നാല്‍ പരിയാരത്തെ ചികില്‍സിച്ച ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. ആരോഗ്യ വകുപ്പിന് നല്‍കിയ പരാതിയില്‍ ആഭ്യന്തര അന്വേഷണം നിലവില്‍ നടക്കുന്നുണ്ടെന്ന് പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. പൊലീസിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.