ബാര്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ഉടന്‍ പ്രഖ്യാപിച്ചേക്കും. അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. മുന്‍ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവുവിന്റെ കാലത്തെ ഇടപാടുകളടക്കം നാല് കാര്യങ്ങളിലാവും വിജിലന്‍സ് അന്വേഷണം. അന്വേഷണം വേണമെന്നാണ് ആവശ്യമെന്ന് എം.ലിജു പറഞ്ഞു.
സര്‍ക്കാര്‍ വക മറ്റൊരു അന്വേഷണ പ്രഖ്യാപനത്തിന് കൂടി കളമൊരുങ്ങി. ഇത്തവണ പരാതിക്കാരന് എക്സൈസ് മന്ത്രി, എസ്.ഐ.ടിയുണ്ടാക്കാന് പോകുന്നത് വിജിലന്‍സും. എക്സൈസ് കമ്മീഷണറായിരുന്ന സാംബശിവറാവു, പടിയിറങ്ങുന്നതിന് മുന്‍പ് പൊട്ടിച്ച അഴിമതി ആരോപണ ബോംബിനെ നേരിടാനാണ് എല്ലാം അന്വേഷിക്കാം എന്ന തീരുമാനത്തിലേക്ക് എം.ലിജു എത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും കണ്ട് കാര്യങ്ങള്‍ വിശദമാക്കി. തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിനോടും ചര്‍ച്ചനടത്തി. മുഖ്യമന്ത്രിക്ക് നല്കിയ കത്ത് ആഭ്യന്തരവകുപ്പില്‍ ലഭിച്ചാലുടന്‍ പ്രഖ്യാപനമുണ്ടാകും.
നാല് കാര്യങ്ങളിലാണ് അന്വേഷണം. 1)ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് സാംബശിവറാവു നല്കിയ കത്ത്. 2)ബേക്കറി വഴി വൈന്‍ വില്‍പ്പന അനുമതി കൊടുത്ത തീരുമാനം.3)എറണാകുളത്തും കോട്ടയത്തും മൂന്ന് ബീയര്‍–വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയത്. 4)നെടുമ്പാശേരി വിമാനത്താവളത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചത്. ഇതില്‍ മൂന്നെണ്ണവും സാംബശിവറാവുവിന്റെ കാലത്തായതുകൊണ്ട് തന്നെ അദേഹമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തം.