കടുത്ത അസൗകര്യങ്ങളും ഉയർന്ന ടിക്കറ്റ് നിരക്കും കാരണം യാത്രക്കാർ കൈയൊഴിഞ്ഞതോടെ നോൺ എ.സി. ലിമിറ്റഡ് സ്റ്റോപ്പ്, പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസുകൾ സാധാരണ സൂപ്പർ ഫാസ്റ്റുകളാക്കാൻ കെ.എസ്.ആർ.ടി.സി നടപടി തുടങ്ങി. പോരായ്മകൾ പരിഹരിച്ച് വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതോടെ പ്രീമിയം ബസുകളുടെ റണ്ണിങ് സമയവും ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണും പുനഃക്രമീകരിക്കും. സാധാരണ സൂപ്പർ ഫാസ്റ്റുകൾ നിർത്തുന്ന എല്ലാ സ്റ്റോപ്പുകളിലും ഇനി മുതൽ ഈ ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യും.

കെ.ബി.ഗണേഷ് കുമാർ ഗതാഗതമന്ത്രിയായിരുന്ന കാലത്താണ് മികച്ച യാത്രാസൗകര്യം വാഗ്ദാനം ചെയ്ത് പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ നിരത്തിലിറക്കിയത്. സ്റ്റോപ്പുകൾ കുറവായതിനാൽ ഇന്ധനച്ചെലവ് കുറയ്ക്കാനും വരുമാനം കൂട്ടാനും സാധിക്കുമെന്നായിരുന്നു കോർപ്പറേഷന്റെ കണക്കുകൂട്ടൽ. എന്നാൽ, സാധാരണ സൂപ്പർ ഫാസ്റ്റ് റൂട്ടുകളിൽ പ്രീമിയം സർവീസുകൾ വന്നതോടെ സ്ഥിരം യാത്രക്കാർക്ക് കയറാൻ സാധിക്കാതെ വരികയും വരുമാനം ഇടിയുകയും ചെയ്തു.

അതുമാത്രമല്ല, പേരില്‍ പ്രീമിയം ആണെങ്കിലും സീറ്റുകൾ തമ്മിൽ ആവശ്യത്തിന് അകലമില്ലാത്തതും വേനൽക്കാലത്തെ കൊടുംചൂടും യാത്രക്കാരെ ദുരിതത്തിലാക്കി. മൊബൈൽ ചാർജിങ് സൗകര്യം മാത്രമാണ് ഈ ബസുകളിൽ അധികമായി ഉണ്ടായിരുന്നത്. എന്നാൽ, ഇതേ സൗകര്യമുള്ള സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിരക്കുവർധനയില്ലെന്നിരിക്കെ, പഴയ ബസുകളിൽ പ്രീമിയം ബോർഡ് വെച്ച് അമിതനിരക്ക് ഈടാക്കുന്നത് വ്യാപക പരാതികൾക്ക് വഴിവെച്ചിരുന്നു.

ഇതിനുപുറമേ, ഡ്യൂട്ടി ഘടനയിലുണ്ടായ മാറ്റം ജീവനക്കാരുടെ പ്രതിഷേധത്തിനും കാരണമായിരുന്നു. സാധാരണ സൂപ്പർ ഫാസ്റ്റുകളിൽ 30 മണിക്കൂർ ജോലി ചെയ്യുമ്പോൾ അത് നാല് ഡ്യൂട്ടിയായി പരിഗണിച്ചിരുന്നിടത്ത് പ്രീമിയം ബസുകളിൽ അത് മൂന്നര ഡ്യൂട്ടിയായി കുറച്ചതാണ് ജീവനക്കാരെ പ്രതിഷേധത്തിലാക്കിയത്. ഉയർന്ന നിരക്ക് മൂലം യാത്രക്കാരൊഴിയുകയും ജീവനക്കാരുടെ ഭാഗത്തുനിന്ന് എതിർപ്പുകൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ നടപടി. സർവീസുകൾ സാധാരണ സൂപ്പർ ഫാസ്റ്റുകളാക്കി മാറ്റുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും കളക്ഷനിലും വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY:

KSRTC has initiated steps to convert its non-AC Limited Stop and Premium Super Fast services back into ordinary Super Fast buses due to sharp passenger drops and widespread criticism over high fares. The premium services, originally introduced to boost revenue and reduce travel times, failed to attract commuters owing to cramped seating, extreme heat, and minimal extra amenities. Furthermore, the revised duty pattern for premium buses triggered strong protests among crew members after their duty credits were reduced. By converting these buses to regular Super Fast services with standard fares and all traditional stops, KSRTC expects to recover its daily collection and passenger patronage.