golden-goal-kerala-health-project

റോഡപകടങ്ങള്‍ പതിവാകുകയാണ്. റോഡപകടങ്ങളിൽപ്പെടുന്നവർക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ പുതിയ പദ്ധതി വിഭാവനം ചെയ്യുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്. 'ഗോൾഡൻ ഗോൾ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അപകടത്തിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. അപകടത്തിന് ശേഷമുള്ള നിർണായക സമയത്ത് അതായത് ഗോള്‍ഡന്‍ മണിക്കൂറുകളില്‍ ചികിത്സ ഉറപ്പാക്കുന്നതിലൂടെ റോഡപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

നിലവിലുള്ള 108 ആംബുലൻസ് സേവനത്തിന് പുറമെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആംബുലൻസുകളെയും ഒരൊറ്റ ശൃംഖലയ്ക്ക് കീഴിൽ കൊണ്ടുവരുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. അപകടസ്ഥലത്തിന് ഏറ്റവും അടുത്തുള്ളതും വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്നതുമായ ആംബുലൻസിനെ കണ്ടെത്തി സേവനം ലഭ്യമാക്കും. ആദ്യഘട്ടത്തിൽ സർക്കാർ ആംബുലൻസുകളെ ഏകോപിപ്പിച്ച ശേഷമാകും സ്വകാര്യ ആംബുലൻസുകളെയും സന്നദ്ധ സംഘടനകളുടെ ആംബുലൻസുകളെയും പദ്ധതിയില്‍ ഉൾപ്പെടുത്തുക.

GPS, GIS സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആംബുലൻസുകളുടെ സ്ഥാനം തത്സമയം നിരീക്ഷിക്കുകയും അപകടസ്ഥലത്തിന് സമീപമുള്ള അനുയോജ്യമായ ആശുപത്രി കണ്ടെത്തുകയും ചെയ്യും. പരിക്കിന്റെ സ്വഭാവവും രോഗിയുടെ ആരോഗ്യനിലയും വിലയിരുത്തി ഏത് ആശുപത്രിയിലേയ്ക്കാണ് മാറ്റേണ്ടതെന്നും തീരുമാനിക്കും. രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പുതന്നെ ചികിത്സാ സംഘത്തിന് വിവരങ്ങൾ കൈമാറാനും സംവിധാനമുണ്ടാകും. ഇതുവഴി രോഗി എത്തുമ്പോൾ തന്നെ ആവശ്യമായ ചികിത്സ ആരംഭിക്കാൻ ആശുപത്രികൾക്ക് സാധിക്കുകയും ചെയ്യും.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. തുടർന്ന് മറ്റ് ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും. സർക്കാർ ആശുപത്രികൾക്ക് പുറമെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നിവയിൽ ഉൾപ്പെട്ട സ്വകാര്യ ആശുപത്രികളെയും ചികിത്സാ ശൃംഖലയുടെ ഭാഗമാക്കും.

അപകടസ്ഥലത്തുനിന്ന് ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടയിലും ആശുപത്രിയിലെത്തിയ ശേഷവും ചികിത്സ വൈകുന്നത് ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആംബുലൻസ് സേവനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിലൂടെ അടിയന്തര ചികിത്സാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

golden-hour-ambulance-service-kerala:

Golden Goal health project is a new initiative by the Kerala health department to ensure timely expert treatment for road accident victims and reduce mortality rates. The scheme integrates government and private ambulances under a single network using GPS and GIS technologies for rapid emergency response.