കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ അടൂർ പൊലീസ് സ്റ്റേഷനുള്ളിൽ അതിക്രമിച്ചുകയറി ലോക്കപ്പിലെ പ്രതിയോട് സംസാരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ഡിജിപി. പത്തനംതിട്ട എസ്.പിയോടാണ് റവാഡാ ചന്ദ്രശേഖർ വിവരം തേടിയത്. സ്റ്റേഷന് മുന്നിലുണ്ടായ സംഘർഷത്തിൻറെയും ലോക്കപ്പിലെ പ്രതിയോട് സംസാരിക്കാൻ അവസരം കൊടുത്തതിൻറെ സാഹചര്യം വിശദമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 11ന് നടന്ന സംഭവത്തിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഡി.ജി.പിയുടെ ഇടപെടൽ.
Also Read: വീണാജോർജിനെ ആക്രമിച്ചെന്ന കേസ്; KSU പ്രവര്‍ത്തകര്‍ക്ക് എസ്ഐടിയുടെ ക്ലീന്‍ ചിറ്റ്
റിപ്പോർട്ട് കിട്ടിയ ശേഷം വീഴ്ചയുണ്ടോയെന്ന് ഡിജിപി തീരുമാനിക്കും. ജനപ്രതിനിധികൾ സ്റ്റേഷനിൽ വരുന്നത് സ്വഭാവികമെന്നും അതിനപ്പുറം സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നുമാണ് ഡിജിപിയുടെ നിലപാട്.
അടൂർ പോലീസ് സ്റ്റേഷനിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജൂലൈ 11ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടർന്ന് പുറത്തുവന്നത്. യൂട്യൂബർ രാജൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘർഷവും അക്രമവും അരങ്ങേറിയത്.
Also Read: പി.എസ്.സി പരീക്ഷ തട്ടിപ്പ്; മുന്‍ ചെയര്‍മാന്‍ എം.കെ.സക്കീറും അന്വേഷണ പരിധിയില്‍
ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അപകീർത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യൂട്യൂബർ രാജൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാജൻ ജോസഫിനെ അടൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. പോലീസ് ജീപ്പ് തടഞ്ഞുനിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും പോലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ അതിക്രമിച്ചുകയറുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കൊപ്പം കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള പ്രവർത്തകരും സംഭവസ്ഥലത്തുണ്ടായിരുന്നു.