അടൂർ പോലീസ് സ്റ്റേഷനിൽ നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. പൊലീസ് സ്റ്റേഷനുള്ളിൽ അതിക്രമം കാട്ടിയിട്ടില്ലെന്നും രാജൻ ജോസഫിനോട് സുഖമാണോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തെന്നും ശ്രീനാദേവി കുഞ്ഞമ്മ വിശദീകരിച്ചു.
യൂട്യൂബർ രാജൻ ജോസഫിനെതിരെ നൽകിയ കേസിലെ പരാതിക്കാരി എന്ന നിലയിലാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്റ്റേഷനിൽ ചെന്ന് സെല്ലിന് മുൻപിൽ നിന്ന് രാജൻ ജോസഫിനോട് സുഖമാണോ ചേട്ടാ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. അതൊരു ഭീഷണിയാണോ എന്നും ശ്രീനാദേവി മാധ്യമങ്ങളോട് ചോദിച്ചു. സെല്ലിനുള്ളിൽ കയറിയില്ലെന്നും, മുന്നിൽ നിന്നുമാത്രമാണ് സംസാരിച്ചതെന്നും ശ്രീനാദേവി വിശദീകരിച്ചു.
അതേസമയം ജൂലൈ 11ന് അടൂർ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടർന്ന് പുറത്തുവന്നത്. യൂട്യൂബർ രാജൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘർഷവും അക്രമവും അരങ്ങേറിയത്. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തത്.
എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും പൊലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ അതിക്രമിച്ചുകയറുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ശ്രീനാദേവി കുഞ്ഞമ്മയ്ക്കൊപ്പം കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള പ്രവർത്തകരും സംഭവസ്ഥലത്തുണ്ടായിരുന്നു.
സ്റ്റേഷനുള്ളിലെ സെല്ലിന് സമീപം വെച്ച് രാജൻ ജോസഫുമായി കോൺഗ്രസ് പ്രവർത്തകർ തർക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. സംഭവദിവസം തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെ മാത്രമാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. എന്നാൽ, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെയോ കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്റെയോ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നില്ല.