മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ മറുപടിയുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ്. വയനാട് ടൗൺഷിപ്പിലെ സന്ദർശന സമയത്തുണ്ടായ വിവാദങ്ങള്‍ ചൂണ്ടിക്കാട്ടി മമ്മൂട്ടിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം തുടങ്ങിയതോടെയാണ് വിഷയത്തില്‍ റഫീഖ് പ്രതികരിച്ചത്.
രാജ്യത്തെ മുഴുവൻ ബഹുജന കൂട്ടായ്മകളുമായി ഇടതുപക്ഷം ഐക്യദാർഢ്യപ്പെടുന്ന ഘട്ടത്തിൽ ഇത്തരം വിഷയങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ നമ്മുടെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ശ്രദ്ധതിരിക്കാനും അതിന്റെ സ്വീകാര്യതയെ ബാധിക്കാനുമാണ് ഉപകരിക്കുകയെന്ന് റഫീഖ് പറഞ്ഞു. ഇത്തരം കാര്യങ്ങളെ മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്നവർ അവർക്കനുകൂലമായ വിവരണം സൃഷ്ടിച്ച് എരിതീയിൽ എണ്ണ ഒഴിച്ച് തുടങ്ങിയത് നമ്മൾ കാണാതിരിക്കരുതെന്നും പങ്കുവച്ച കുറിപ്പില്‍ റഫീഖ് പറഞ്ഞു.
'ശ്രീ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന ചർച്ചകളുടെ ഒരുവശത്ത് എന്റെ പേര് കൂടി ആവർത്തിക്കപ്പെടുന്നതിനാലാണ് ഈ വിഷയത്തിൽ വീണ്ടും പ്രതികരിക്കുന്നത്. ശ്രീ മമ്മൂട്ടിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി ആ വിഷയം അവസാനിപ്പിച്ചതാണ്. ശ്രീ മമ്മൂട്ടി നേരിട്ട് വിഡിയോ കോളിലൂടെ സംസാരിച്ചത് അടക്കം ചൂണ്ടിക്കാണിച്ച് ആ വിഷയം അവിടെ തീർന്നെന്ന് ആ ഘട്ടത്തിൽ തന്നെ പരസ്യമായി എല്ലാവരുമായും പങ്ക് വച്ചതുമാണ്.
രാജ്യത്തെ മുഴുവൻ ബഹുജന കൂട്ടായ്മകളുമായി ഇടതുപക്ഷം ഐക്യദാർഢ്യപ്പെടുന്ന ഘട്ടത്തിൽ ഇത്തരം വിഷയങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ നമ്മുടെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ശ്രദ്ധതിരിക്കാനും അതിന്റെ സ്വീകാര്യതയെ ബാധിക്കാനുമാണ് ഉപകരിക്കുക എന്നത് നാമെല്ലാം കാണേണ്ടതുണ്ടല്ലോ. കേരളത്തിന്റെ കലാകാരൻമാരെയും രാഷ്ട്രീയത്തിന് അതീതമായ അവരുടെ ഇടങ്ങളെയും നമ്മൾ എല്ലാക്കാലവും അംഗീകരിച്ചിട്ടുണ്ട്. അത് തന്നെയാണ് സഖാക്കൾ എന്ന നിലയിൽ നമ്മൾ ചേർത്ത് പിടിക്കുന്ന ജനാധിപത്യ ബോധത്തിന്റെ ഭംഗിയും വലുപ്പവും.
വിമർശനവും സ്വയംവിമർശനവും തിരുത്തലും ഉണ്ടായ ഒരു വിഷയം കാലാകാലത്തോളം ഇങ്ങനെ ഉയരുന്നത് നാട്ടിലെ പുരോഗമന ജനാധിപത്യ കൂട്ടായ്മയ്ക്ക് എത്രമാത്രം ഗുണകരമാണ് എന്ന് നമുക്കോരോരുത്തർക്കും ചിന്തിക്കാം. ഇത്തരം കാര്യങ്ങളെ മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്നവർ അവർക്കനുകൂലമായ വിവരണം സൃഷ്ടിച്ച് എരിതീയിൽ എണ്ണ ഒഴിച്ച് തുടങ്ങിയതും നമ്മൾ കാണാതിരിക്കരുത്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചർച്ചകളും വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമുള്ള അന്ന് പറഞ്ഞ അഭ്യർത്ഥന തന്നെയാണ് എല്ലാ സുഹൃത്തുക്കളോടും വീണ്ടും പറയാനുള്ളത്.
ഈ വിഷയം വിശദീകരിച്ച സമയത്ത് പറഞ്ഞ് അവസാനിപ്പിച്ചത് തന്നെ വീണ്ടും ആവർത്തിക്കുകയാണ്. “ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാൽ പരിഭവങ്ങളും തർക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേർന്ന് നിൽക്കാൻ എന്താണ് തടസ്സം,' റഫീഖ് കുറിച്ചു.
വിവാദങ്ങള്‍ക്കിടെ മമ്മൂട്ടി ഇടത് യുവജന നേതാക്കളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ യുവനേതാക്കള്ക്കെതിരെയും സൈബര്‍ അറ്റാക്ക് ഉയര്‍ന്നിരുന്നു.