സംസ്ഥാന സ്കൂൾ കായിക മേളയിലെ ദീപശിഖ വിവാദത്തിൽ പ്രതിഷേധവുമായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. പി.ടി ഉഷക്ക് പകരം മുഖ്യമന്ത്രി ദീപശിഖ തെളിയിച്ചത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.
പി.ടി ഉഷയെ ആണ് ദീപശിഖ തെളിയിക്കാൻ നേരത്തെ നിശ്ചയിച്ചത് എങ്കിലും ദീപശിഖ തെളിയിച്ചത് മുഖ്യമന്ത്രിയാണ്. ഇതെങ്ങനെ സംഭവിച്ചു എന്നാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ചോദ്യം. സർക്കാർ ക്ഷണം അനുസരിച്ച് ആണ് പി ടി ഉഷ എത്തിയത്. ഇതിന് വേണ്ടി മാത്രം ജബൽപൂരിൽ നിന്ന് വന്നു. ഇന്ന് തിരിച്ചു പോവുകയും ചെയ്യും. ഈ സാഹചര്യത്തിൽ സർക്കാർ വിശദീകരണം നല്കണമെന്നാണ് ആവശ്യം. എം.പിയുടെ ഓഫിസും സർക്കാരിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
പ്രധാനവേദിയായ മുക്കം എൻഐടി മൈതാനത്ത് ഭിന്നശേഷി കുട്ടികൾക്കുള്ള ഇൻക്ലൂസീവ് മത്സരങ്ങളാണ് പുരോഗമിക്കുന്നത്. രാവിലെ ഓട്ടമത്സരങ്ങളും ലോങ്ങ് ജംപും പൂർത്തിയാക്കി. ജനറൽ കാറ്റഗറിയിലെ ഗെയിംസ് മത്സരങ്ങളും വിവിധ മൈതാനങ്ങളിൽ തുടരുകയാണ്.