എസ്എംഎ രോഗത്തിനുള്ള ഇന്ത്യൻ നിർമിത മരുന്നിനെക്കുറിച്ച് കൂടുതൽ പഠനം നടത്തണമെന്ന് എൽഡിഎഫ് ഭരണകാലത്ത് രൂപീകരിച്ച വിദഗ്ധ സമിതി ശുപാർശ ചെയ്തതായി രേഖകൾ. മരുന്നിന്റെ ഫലപ്രാപ്തി, സുരക്ഷ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് വ്യക്തമായ പഠനങ്ങളോ ഔദ്യോഗിക സർക്കാർ മാർഗനിർദേശങ്ങളോ ലഭ്യമല്ലെന്നായിരുന്നു സമിതിയുടെ വിലയിരുത്തൽ.എന്നാൽ, പിന്നീട് കേന്ദ്ര സർക്കാരിന്റെ ഗുണനിലവാര നിയന്ത്രണ ഏജൻസി മരുന്നിന് അംഗീകാരം നൽകിയെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. ഇതോടെ മരുന്നിന്റെ അംഗീകാരവും ഗുണനിലവാരവും സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. Also Read: പി.പി.ദിവ്യയ്ക്കെതിരായ ബെനാമി ആരോപണം പിണറായി സര്ക്കാര് 'മുക്കി'! രക്ഷിച്ചതിന്റെ തെളിവ് പുറത്ത്
അതേസമയം, എസ്എംഎ മരുന്ന് വിവാദം പ്രതിപക്ഷത്തിനെതിരായ രാഷ്ട്രീയ നീക്കങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. മുൻ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി മന്ത്രിയായിരുന്ന കാലത്തെ മരുന്ന് ഇടപാടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ശുപാർശ ചെയ്യുമെന്നാണ് ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിലപാട്.
ഇതിനിടെ, ഇന്ത്യൻ നിർമിത മരുന്നിനെ പിന്തുണച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. വിദേശ കമ്പനിയായ റോച്ചെയുടെ മരുന്നിന് ആറര ലക്ഷം രൂപ വിലയുണ്ടായിരുന്നപ്പോൾ ഇന്ത്യൻ കമ്പനിയുടെ മരുന്ന് 15,000 രൂപയ്ക്ക് ലഭ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ കമ്പനിയുടെ മരുന്നിനും സമാനമായ ഗുണനിലവാരമാണുള്ളതെന്നും രാജ്യാന്തര മരുന്ന് സിന്ഡിക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ വിവാദങ്ങൾക്കിടെ, രോഗികൾക്ക് കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കണമെന്ന ആവശ്യവുമായി എസ്എംഎ ബാധിതയായ പി.കെ. സേബയും രംഗത്തെത്തി. മരുന്ന് വിവാദത്തിൽ രാഷ്ട്രീയം കലർത്തി രോഗികളെ ബുദ്ധിമുട്ടിക്കരുതെന്ന് മനോരമ ന്യൂസിന്റെ ‘കൗണ്ടർ പോയിന്റ്’ പരിപാടിയിൽ പങ്കെടുത്ത് സേബ ആവശ്യപ്പെട്ടു. പുതിയ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ഇതുവരെ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും ആരും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.