AI image

വീര്യം കൂടിയ വൈന്‍ ബേക്കറി വഴി വില്‍ക്കാനുള്ള അനുമതി വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍. കൂടിയാലോചനയില്ലാതെ ഉത്തരവിറക്കിയ അബ്കാരി  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറെ മാറ്റിനിര്‍ത്തും. ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനോട് ആലോചിച്ചില്ലെന്ന് എക്സൈസ് മന്ത്രി എം.ലിജു പറഞ്ഞു. എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ മേലാണ് നടപടി സ്വീകരിച്ചത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുമെന്ന് ബേക്കറി ഉടമകള്‍ അറിയിച്ചു.

 

ബേക്കറിയില്‍ നാരങ്ങാവെള്ളവും ജ്യൂസും പോലെ വൈനും. അതും 15 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ വീര്യം കൂടിയ വൈന്‍. ചാലക്കുടിയിലെ MRC ബേക്കറിക്കാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി വൈന്‍ വില്‍ക്കാന്‍  അനുമതി നല്‍കിയത്. ഇന്നലെ മുതല്‍ വില്‍പ്പനയും തുടങ്ങി. ഇത് വാര്‍ത്തയായതോടെ സര്‍ക്കാറിന്‍റെ അറിവോടെയല്ല ലൈസന്‍സ് നല്‍കിയതെന്ന് വിശദീകരിച്ച എക്സൈസ് മന്ത്രി എക്സൈസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. മുഖ്യമന്ത്രിയും അതൃപ്തി അറിയിച്ചു.

 

റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ പുതിയ മദ്യനയം വരും വരെ ലൈസന്‍സ് അനുവദിച്ച ഉത്തരവ് മരവിപ്പിച്ചു. മറ്റ് ബേക്കറികള്‍ക്കും ഇനി അനുമതി നല്‍കേണ്ടെന്നും രേഖാമൂലം ഉത്തരവിറക്കി. ലൈസന്‍സ് നല്‍കിയ അബ്കാരി വിഭാഗം ഡെപ്യുട്ടി കമ്മീഷണര്‍ സി.കെ.അനില്‍കുമാറിനെ പകരം നിയമനം നല്‍കാതെ മാറ്റി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത്, 2024 ജനുവരി 24നാണ് സൂപ്പര്‍ മാര്‍ക്കറ്റ്, ഷോപ്പിങ് മാള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ഹോര്‍ട്ടി വൈന്‍ വില്‍ക്കാനുള്ള അനുമതി നല്‍കി അബ്കാരി നിയമം ഭേദഗതി ചെയ്തത്. 

 

പക്ഷെ എല്‍.ഡി.എഫ് കാലത്ത് അപേക്ഷകള്‍ വന്നെങ്കിലും ലൈസന്‍സ് നല്‍കിയിരുന്നില്ല. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷം ജൂണ്‍ 21നാണ് വില്‍പ്പനക്ക് അനുമതി നല്‍കിയത്. ഇന്നലെ ചാലക്കുടിയിലെ ബെവ്റിജസില്‍ നിന്ന് വില്‍ക്കാനുള്ള ഹോര്‍ട്ടി വൈനും കൈമാറി. ഇത് രണ്ടും സര്‍ക്കാരിനെ അറിയിക്കാതെ നടത്തിയെന്ന് ആരോപിച്ചാണ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ രഹസ്യമായി ചെയ്ത നടപടി പിടിക്കപ്പെട്ടപ്പോള്‍ കയ്യടിക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തുന്നതെന്നാണ് സി.പി.എം വിമര്‍ശനം.

ENGLISH SUMMARY:

Malayala Manorama Online News reports that the Kerala government has frozen the controversial order permitting wine sales in bakeries and removed the Excise Deputy Commissioner. The swift action follows widespread public debate and a lack of prior consultation with state authorities regarding the license issuance.