Images: instagram.com/abdul_hpk
ഒക്ടോബർ 15 ന് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട ട്രെയിന് നമ്പര് 12618 മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മണിക്കൂറുകളോളം വൈകിയോടുന്നു. ഐആര്സിടിസിയുടെ റെയില് വണ് വെബ്സൈറ്റ് പ്രകാരം നിലവില് ട്രെയിന് 21 മണിക്കൂറിലധികം വൈകിയോടുകയാണ്. എറണാകുളത്ത് അവസാനിക്കുന്ന ട്രെയിനില് കേരളത്തിലെ വിവിധ സ്റ്റേഷനുകളില് ഇറങ്ങേണ്ട യാത്രക്കാരും വിദ്യാര്ഥികളുമുണ്ട്. ട്രെയിനിലെ വെള്ളക്ഷാമവും ഭക്ഷണം ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളും സ്ഥിതി കൂടുതൽ ദുഷ്കരമാക്കിയതായി ട്രെയിനില് യാത്ര ചെയ്യുന്ന മലപ്പുറം, ചെമ്മാട് ദാറുല് ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ മീഡിയ വിഭാഗത്തില് നിന്നുള്ള വിദ്യാര്ഥികള് മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. സോഷ്യല് മീഡിയയില് റീലുകളും ദൃശ്യങ്ങളും പങ്കുവച്ച് വിദ്യാര്ഥികള് ഉള്പ്പെടെയുള്ള യാത്രക്കാര് തന്നെയാണ് ട്രെയിനിലെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്.
31 വിദ്യാർഥികളടങ്ങുന്ന സംഘമാണ് ട്രെയിനുള്ളത്. അവസാനവർഷ വിദ്യാർഥികളുടെ പഠനയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വ്യാഴാഴ്ച ഡൽഹിയിൽനിന്ന് ട്രെയിനിൽ കയറിയതാണെന്ന് വിദ്യാർഥികളിലൊരാളായ അബ്ദുള് ഹാദി പറഞ്ഞു. മധുര ജങ്ഷനിൽ നിന്ന് വഴിതിരിച്ചുവിട്ട ട്രെയിൻ ഭോപ്പാലിലേക്ക് നേരിട്ട് പോകാതെ മറ്റ് വഴികളിലൂടെയാണ് സഞ്ചരിച്ചത്. യാത്രാവേളയിൽ പല സ്റ്റേഷനുകളിലും വിജനമായ പ്രദേശങ്ങളിലും രണ്ടു മുതല് അഞ്ചു മണിക്കൂറുകളോളം ട്രെയിന് പിടിച്ചിട്ടതായും വിദ്യാർഥികൾ പറഞ്ഞു. പിന്നാലെ വന്ന മറ്റ് ട്രെയിനുകൾ പോലും കടന്നുപോയി. ഒപ്പമുള്ള കോളജിലെ തന്നെ മറ്റൊരു ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾ മറ്റൊരു ട്രെയിനില് ഇതിനകം നാട്ടില് എത്തിയതായും ഇവർ വ്യക്തമാക്കുന്നു.
ട്രെയിനിലെ ബോഗികളിൽ വെള്ളം തീർന്നിട്ട് ദിവസങ്ങളായെന്നും യാത്രക്കാര് പറയുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും റിഫില്ലിങ് നടത്താൻ അധികൃതർ തയ്യാറായില്ല. ഒടുവിൽ മഡ്ഗാവില് വച്ച് ഉച്ചയോടെയാണ് വെള്ളമെങ്കിലും ലഭ്യമായത്. ട്രെയിനിലെ ഭക്ഷണത്തെ ആശ്രയിക്കാൻ കഴിയാത്തതിനാൽ ചില യാത്രക്കാർ പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്തിരുന്നു. എന്നാൽ ട്രെയിൻ വൈകിയെത്തിയതോടെ മുൻകൂട്ടി പണം നൽകി ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാതെ പോയി. ചിലയിടങ്ങളിൽ രാത്രിയിൽ ഏറെ വൈകിയാണ് ഭക്ഷണം ലഭിച്ചതെന്നും വിദ്യാര്ഥി പറഞ്ഞു. മൂന്ന് ദിവസത്തോളമായി കുളിക്കാനോ മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കോ പോലും കഴിയാതെ വിദ്യാർഥികൾ വലയുകയാണ്. കയ്യിലുള്ള പണവും തീർന്നുതുടങ്ങിയതോടെ യാത്രക്കാർ കടുത്ത ബുദ്ധിമുട്ടിലാണ്.
തിങ്കളാഴ്ച മുതല് ക്ലാസിൽ പോകേണ്ടതാണ്. എന്നാല് യാത്ര വൈകിയതോടെ ഹാജർ ഉൾപ്പെടെയുള്ള കാര്യങ്ങളും താളംതെറ്റിയേക്കാമെന്നും തങ്ങളുടെ മാത്രമല്ല യാത്രക്കാരില് പലരുടെയും പദ്ധതികളെല്ലാം തെറ്റിയെന്നും വിദ്യാര്ഥികള് പറഞ്ഞു. ട്രെയിനിലെ മലയാളി യാത്രക്കാർ പരസ്പരം ബന്ധപ്പെടുന്നതിനായി വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും വിവിധ കോച്ചുകളിലുള്ളവർ തങ്ങളുടെ ദുരിതങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നും വിദ്യാർഥി പറഞ്ഞു. ട്രെയിനിൽ നൂറോളം മലയാളി യാത്രക്കാരെങ്കിലും ഉണ്ടാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
ട്രെയിൻ വൈകുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്ഥികള് തന്നെ ദൃശ്യങ്ങള് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണിതെന്ന് അബ്ദുള് ഹാദി പറയുന്നു. റെയിൽവേ ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ചിലയിടങ്ങളിലെ അറ്റകുറ്റപ്പണികളും ഒറ്റപ്പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതവും വൈകലിന് കാരണമായിരിക്കാമെന്നാണ് യാത്രക്കാർ കരുതുന്നത്. എന്നാൽ ഔദ്യോഗിക കാരണം സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനും റെയിൽവേ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
റെയില് വണ് ആപ്പില് നിന്നും ലഭ്യമാകുന്ന വിവരമനുസരിച്ച്, എത്തേണ്ടിയിരുന്ന സമയത്തിൽ നിന്ന് 18 മുതൽ 19 മണിക്കൂർ വരെ വൈകിയായിരിക്കും കേരളത്തിലെ ഓരോ സ്റ്റേഷനുകളിലും എത്തുക. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, എറണാകുളം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലർച്ചെയോ മാത്രമേ എത്തുവാൻ സാധ്യതയുള്ളൂ. 19 മണിക്കൂറോളം വൈകി, ഞായറാഴ്ച പുലര്ച്ചെ മൂന്നുമണിയോടടുത്ത് ട്രെയിന് എറണാകുളത്തെത്തുമെന്നാണ് റെയില് വണ് ആപ്പില് കാണിക്കുന്നത്.