സവാള വില പിടിച്ചുനിര്‍ത്താനാകാതെ സംസ്ഥാന സര്‍ക്കാര്‍. കിലോക്ക് 65നും 70 നും ഇടയിലാണ് ചില്ലറ വില്‍പ്പന. ഓണത്തിന് 100 ടണ്‍ സവാള എത്തിച്ച് വിതരണം ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും വില നിയന്ത്രിക്കാന്‍ ആയിട്ടില്ല. 

ഒരിടവേളയ്ക്ക് ശേഷം സവാള വീണ്ടും സ്റ്റാര്‍ ആവുകയാണ്. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 50 നും 55 നും ഇടയിലാണ് വില. എന്നാല്‍ ചില്ലറ വിപണിയില്‍ വില 60 നും 70 നും ഇടയിലെത്തും. ഒറ്റയടിക്ക് കൂടാതെ ഘട്ടം ഘട്ടമായാണ് വില ഉയരുന്നത്. 

ഓണത്തിന് 55 രൂപയായിരുന്നു  ചില്ലറ വിപണിയിലെ വില. ഒരു മാസത്തിനിടെയാണ് അത് 70 ലെത്തിയത്. വിലകയറ്റത്തെ ചെറുക്കാനായി 100 ടണ്‍ സവാള എത്തിച്ച് ഹോര്‍ട്ടികോര്‍പ്പ് വഴി 35 രൂപയ്ക്ക് വിറ്റിരുന്നു. എന്നിട്ടും വില കുറയുകയല്ല, കൂടുകയാണ് ചെയ്തത്.  എന്നാല്‍ ഒരാഴ്ച്ച കൂടി ഇതേ വിലനിലവാരം തുടര്‍ന്നാല്‍ കൂടുതല്‍ സവാള എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.