മരിച്ച ശേഷവും രോഗികളെ വെന്റിലേറ്ററിലിട്ട് സ്വകാര്യ ആശുപത്രികൾ പണം പിടുങ്ങുന്നുവെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പരാമർശത്തിൽ വിവാദം ആളുന്നു. മന്ത്രിയുടെ പരാമർശത്തിനെതിരെ മെഡിക്കൽ രംഗത്തുനിന്നുള്ള സംഘടനകൾ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തി. 'രോഗി മരിച്ചതിന് ശേഷവും വെന്‍റിലേറ്ററില്‍ മരിച്ച രോഗിയെ കിടത്തി കൂടുതല്‍ പണം ഈടാക്കുന്നുവെന്ന പരാതി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ചില സ്വകാര്യ ആശുപത്രികളുടെ ഇത്തരം പ്രവര്‍ത്തനം കാരണം ചില നിയന്ത്രണം കൊണ്ടുവരാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതും ബില്ലിന് രൂപം നല്‍കുന്നതും. ഇക്കാര്യമാണ് മുഖ്യമന്ത്രിയും സൂചിപ്പിച്ചത്. കര്‍ശന നടപടിയുണ്ടാവണം'- എന്നായിരുന്നു മുരളീധരന്‍റെ വാക്കുകള്‍.
സ്വകാര്യ ആശുപത്രികളിലെ ഇത്തരം ചികിത്സാ കൊള്ളകളെക്കുറിച്ച് സർക്കാരിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ചില സ്വകാര്യ ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നും അതിനു വേണ്ട ബില്ലിന് സർക്കാർ രൂപം നൽകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, മന്ത്രിയുടെ പരാമർശത്തിനെതിരെ ആരോഗ്യരംഗത്തെ വിദഗ്ദ്ധർ രംഗത്തെത്തി. മരിച്ചശേഷവും ശരീരം വെന്റിലേറ്ററിൽ ഘടിപ്പിച്ചിരുന്നാൽ അത് ജീർണിക്കില്ല, പകരം ജീവനുള്ളത് പോലെ തോന്നിക്കുമെന്നത് കാലങ്ങളായുളള അബദ്ധ ധാരണയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന് സ്വയം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ശ്വാസകോശത്തിന് കൃത്രിമമായി വായുവും ഓക്സിജനും എത്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണം മാത്രമാണിതെന്നും വിദഗ്ധർ വിശദീകരിക്കുന്നു.