naveen-babu

എഡിഎമ്മായിരിക്കെ അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർ ഉമ തോമസ് എംഎൽഎയെ കാണാനെത്തി. എറണാകുളം പനമ്പിള്ളി നഗറിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസിൽ ഭക്ഷ്യ സുരക്ഷാ ഓഫീസറായി ചുമതലയേറ്റെടുത്ത ശേഷമായിരുന്നു എംഎൽഎയെ നിരഞ്ജന കാണാനെത്തിയത്. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം യുഡിഎഫ് സർക്കാർ നിയമനം നൽകുകയായിരുന്നു. മന്ത്രി കെ.മുരളീധരൻ, പഴകുളം മധു എംഎൽഎ, ഫുഡ്‌ സേഫ്റ്റി കമ്മിഷനർ ശ്രീധന്യ സുരേഷ്, നവീൻ ബാബുവിന്റെ ഭാര്യയും കോഴഞ്ചേരി തഹസിൽദാരുമായ ഡി.മഞ്ജുഷ എന്നിവരുടെ സാന്നിധ്യത്തിലാണു നേരത്തെ നിയമന ഉത്തരവ് കൈമാറിയത്.

2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിടെക് ഫുഡ് ടെക്നോളജി ബിരുദധാരിയാണ് നിരഞ്ജന. ബിടെക് പഠനശേഷം പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്കു പ്രവേശിച്ചിരുന്നു. നവീൻ ബാബുവിന്റെ ആഗ്രഹപ്രകാരം 3 വർഷം മുൻപ് നിരഞ്ജന പിഎസ്‌സി പരിശീലനം ആരംഭിക്കുകയും ചെയ്തു. ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിനു പിന്നാലെയായിരുന്നു മരണം.

നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്യും. നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ നിവേദനം പരിഗണിച്ചാണ് കേസ് സിബിഐക്കു വിടാനുള്ള തീരുമാനം. അന്വേഷണം സിബിഐക്കു വിടണമെന്നു ദീർഘനാളായി കുടുംബം ആവശ്യപ്പെടുന്നതാണെങ്കിലും മുൻ സർക്കാർ തയാറായിരുന്നില്ല. 

മൂത്ത മകൾക്ക് ആശ്രിത നിയമനത്തിന് അർഹതയുണ്ടായിരുന്നെങ്കിലും അതും നൽകിയില്ല. സിബിഐ അന്വേഷണമെന്ന മഞ്ജുഷയുടെ ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തേ തള്ളിയിരുന്നു. 

ENGLISH SUMMARY:

Naveen Babu daughter job update features Niranjana Nair meeting Uma Thomas MLA after taking charge as a Food Safety Officer under the compassionate employment scheme. The cabinet has also decided to hand over the investigation into the former ADM's death to the CBI following persistent demands from his family.