കോഴിക്കോട്  വൃത്തിഹീനമായ സാഹചര്യത്തില്‍ പലഹാരങ്ങളുണ്ടാക്കി വിതരണം ചെയ്ത സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ.  പാളയത്തെ അഖിൽ ട്രേഡേഴ്സിനെതിരെയാണ് ആർ.ഡി.ഒയുടെ നടപടി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനയിൽ കട പൂട്ടിച്ചിരുന്നു.  

 വൃത്തിഹീനമായ തറ,  മലിനജലം ഒഴുകിപ്പോകുന്നതുപോലും പലഹാരമുണ്ടാക്കുന്നതിന് സമീപത്തുകൂടി - ഇതാണ് നഗരത്തിലെ മിക്കയിടത്തും എണ്ണക്കടികള്‍ വിതരണം ചെയ്യുന്ന കടകള്‍ക്കുള്ളിലെ അവസ്ഥ. 15 ജോലിക്കാരുണ്ട് ഇവിടെ. പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷ വിഭാഗം കടയുടെ പ്രവര്‍ത്തനം അപ്പോള്‍ തന്നെ നിര്‍ത്തിവയ്പിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആര്‍ ഡി ഒ ഒരു ലക്ഷം രൂപ പിഴയിട്ടത്.  'ഓപ്പറേഷൻ തെളിമ'യുടെ ഭാഗമായി ജില്ലയിൽ 201 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയത്. ആവർത്തിച്ച് ഉപയോഗിച്ചതിലൂടെ പഴകിയ 238 ലിറ്റർ എണ്ണ പിടികൂടി നശിപ്പിച്ചിരുന്നു. കടകളില്‍ ഉപയോഗിക്കുന്ന  എണ്ണയുടെ പരിശോധന  തുടരുമെന്നും മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ENGLISH SUMMARY:

Kozhikode food safety raid targets unhygienic bakeries supplying snacks across the city. Authorities imposed a heavy fine and shut down the defaulting establishment following strict inspections