കണ്ണൂര്‍ പെരിങ്ങത്തൂരില്‍ നിന്ന് ശിവസൂര്യ എന്ന പതിനേഴുകാരനെ കാണാതായിട്ട് രണ്ട് മാസമായിട്ടും പ്രത്യേക അന്വേഷണസംഘം ഇരുട്ടില്‍ തപ്പുന്നു. സൂചന കിട്ടിയ സ്ഥലങ്ങളിലൊക്കെ അന്വേഷണം തുടരുന്നു എന്ന് പറയുന്നതല്ലാതെ ഒരു തുമ്പും എസ്ഐടിക്ക് കണ്ടെത്താനായില്ല. കേസ് ക്രൈംബ്രാഞ്ചിന് വിടുമെന്ന് ആഭ്യന്തര മന്ത്രി ആക്ഷന്‍ കമ്മിറ്റിക്ക് ഉറപ്പുനല്‍കിയെങ്കിലും തുടര്‍നടപടിയും വൈകുകയാണ്.
‘കാശിയ്ക്ക് പോകുന്നു’ എന്ന് കത്തെഴുതിവച്ച് വീടുവിട്ട ശിവസൂര്യ എവിടെ?. രണ്ടുമാസമായി വീട്ടുകാരും നാട്ടുകാരും ചോദിക്കുന്നത് ഇതാണ്. ഇന്നേക്ക് രണ്ട് മാസം കഴിഞ്ഞു പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായിട്ട്. ഓഗസ്റ്റ് എട്ടിന് ഇറങ്ങിപ്പോയ കുട്ടിയെ തിരയാത്ത സ്ഥലങ്ങളില്ലെന്നാണ് പൊലീസിന്‍റെ മറുപടി. വാരാണസിയില്‍ ഒരു തവണ ഉദ്യോഗസ്ഥര്‍ നേരിട്ട് പോയി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറ്റവുമൊടുവില്‍ തമിഴ്നാട്ടിലെ രാമേശ്വരത്ത് കണ്ടതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് അവിടെയും അന്വേഷിച്ചു. രാമേശ്വരത്തുനിന്ന് വാരാണസിയിലേക്ക് ട്രെയിന്‍ കയറാനുള്ള സാധ്യതയും പൊലീസ് തിരഞ്ഞെങ്കിലും ഒരു പുരോഗതിയുമില്ല.
ഇതോടെയാണ് നാട്ടുകാരും ജനപ്രതിനിധികളും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞമാസം 27നാണ് ആഭ്യന്തര മന്ത്രിയെ നേരില്‍ക്കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല ഉറപ്പുനല്‍കിയിട്ടും കേസ് ഇപ്പോഴും ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല. ക്രൈംബ്രാഞ്ചില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് ശിവസൂര്യയുടെ അച്ഛന്‍.
ശിവസൂര്യ എവിടെയോ കുടുങ്ങിക്കിടക്കുന്നുവെന്നും ഏതെങ്കിലും സംഘത്തിന്‍റെ പിടിയിലകപ്പെട്ടുവെന്ന് സംശയിക്കുന്നുവെന്നും ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റായ പാനൂര്‍ നഗരസഭാ അധ്യക്ഷ നൗഷത്ത് കൂടത്തില്‍ പറഞ്ഞു.
വീണ്ടും വാരാണസി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് എസ്ഐടി നല്‍കുന്ന വിവരം. ക്ഷേത്രങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെടുന്നുണ്ടെന്നും സംഘം പറയുന്നു.