കേരളത്തിന്റെ ശക്തമായ എതിർപ്പുകളും എം.പിമാരുടെ പ്രതിഷേധങ്ങളും മറികടന്ന് ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ വിഭജനം പൂർത്തിയായി. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ, പ്രമുഖ ചരക്ക് ടെർമിനലുകളായ ഉള്ളാൾ, പനമ്പൂർ, തൊക്കൂർ എന്നിവയുടെ നിയന്ത്രണം ബുധനാഴ്ച അർദ്ധരാത്രിയോടെ തെക്കുപടിഞ്ഞാറൻ റെയിൽവേ സോണിന് കീഴിലുള്ള മൈസൂരു ഡിവിഷൻ ഔദ്യോഗികമായി ഏറ്റെടുത്തു. വിഭജന നടപടികൾ താൽക്കാലികമായി നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ യോഗം ചേരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയിരിക്കെയാണ് റെയിൽവേ തിടുക്കത്തിൽ നടപടികൾ പൂർത്തിയാക്കിയത്.
മംഗളൂരുവിലെ പ്രധാന വരുമാന സ്രോതസ്സുകൾ കൈവിട്ടുപോയതോടെ പാലക്കാട് ഡിവിഷന് ഒറ്റയടിക്ക് 700 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാകും. ഇതോടെ ഡിവിഷന്റെ ആകെ വരുമാന മാർഗ്ഗങ്ങളുടെ 60 ശതമാനത്തോളമാണ് ഇല്ലാതായിരിക്കുന്നത്. ഡിവിഷന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന അന്തിമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പാലക്കാട്, മൈസൂരു ഡിവിഷനുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്ന് മംഗളൂരുവിലെത്തും. വിഭജനത്തിന് പിന്നാലെ തസ്തിക പുനർവിന്യാസവും ജീവനക്കാരുടെ സ്ഥലംമാറ്റവും സംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്ഥർക്കും തൊഴിലാളി സംഘടനകൾക്കുമിടയിൽ കടുത്ത അമർഷവും എതിർപ്പും പുകയുകയാണ്.
അതേസമയം, പാലക്കാട് ഡിവിഷൻ പൂർണ്ണമായി തകരാതിരിക്കാനുള്ള അടിയന്തര നടപടികളിലേക്ക് ദക്ഷിണ റെയിൽവേ കടന്നിട്ടുണ്ട്. മംഗളൂരുവിലുണ്ടായിരുന്ന പാലക്കാട് ഡിവിഷന്റെ ലോക്കോപൈലറ്റ്, ക്രൂ മാനേജ്‌മെന്റ് ഡിപ്പോകൾ കണ്ണൂരിലേക്ക് മാറ്റിസ്ഥാപിച്ചു. കൂടാതെ, പാലക്കാട് ഡിവിഷന്റെ സ്വന്തം ട്രെയിൻ പരിപാലന സംവിധാനത്തിനായി കണ്ണൂരിൽ പുതിയ പിറ്റ് ലൈൻ നിർമ്മിക്കാനുള്ള ശ്രമങ്ങളും റെയിൽവേ ആരംഭിച്ചിട്ടുണ്ട്. എങ്കിലും പ്രധാന വരുമാന മേഖലകൾ നഷ്ടപ്പെട്ട പാലക്കാട് ഡിവിഷന്റെ ഭാവി ഇനി എന്താകുമെന്ന വലിയ ആശങ്കയിലാണ് ജീവനക്കാരും യാത്രക്കാരും.