സിനിമകളെ വലിച്ച് കീറുന്ന റിവ്യൂകളിലൂടെ സോഷ്യൽ മീഡിയയിൽ താരമായ യുട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ച് കോഴിക്കോട് നഗരത്തിൽ തുടരെ അപകടങ്ങളുണ്ടാക്കിയതിനാണ് നടക്കാവ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ എരഞ്ഞിപ്പാലത്തിന് സമീപമായിരുന്നു സംഭവം. അശ്വന്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡിലുണ്ടായിരുന്ന മറ്റ് നാല് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

ഉടൻ നാട്ടുകാർ ഇടപെടുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. നടക്കാവ് പൊലീസ് അശ്വന്തിനെ കസ്റ്റഡിയിലെടുത്ത് മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കാന്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഹാജരാക്കി. ​വൈദ്യപരിശോധന കഴിഞ്ഞ് ഇറങ്ങിയ അശ്വന്തിനോട് ‘മദ്യപിച്ചിരുന്നോ?’ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, യുട്യൂബ് ചാനലിലെ സിനിമ റിവ്യൂകളെ ഓർമ്മിപ്പിക്കുന്ന അതേ ശൈലിയിലായിരുന്നു മറുപടി. ‘ദാറ്റ്സ് കേരള പൊലീസ്, ഞാൻ പറയില്ല’. തുടർന്ന് ‘ദിസ് ഈസ് അപ് ടു ദ് ഓഫിസർ ആൻഡ് നോട്ട് ടു മീ, കേരള പൊലീസ് ഈസ് ഡൂയിങ് ദേർ ഡ്യൂട്ടി’ എന്നൊരു കൂട്ടിച്ചേര്‍ക്കലും. ​​

പരിഹാസവും തുറന്നടിച്ചുള്ള വിമർശനങ്ങളും നിറഞ്ഞ സിനിമ റിവ്യൂകളിലൂടെയാണ് മുന്‍ അധ്യാപകനായ അശ്വന്ത് കോക്ക് വൈറലാകുന്നത്. പണം മുടക്കി തിയേറ്ററിൽ കയറുന്ന പ്രേക്ഷകർക്ക് ഇത്തരം റിവ്യൂകൾ ഉപകാരപ്രദമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോഴും, ബോഡി ഷെയ്മിംഗും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തുന്നുവെന്ന ആരോപണം അശ്വന്തിനെതിരെ ശക്തമാണ്. ​സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം തന്നെ നടത്തുന്ന 'റിവ്യൂ ബോംബിങ്' ബോക്സ് ഓഫീസ് കലക്ഷനെ ബാധിക്കുന്നുവെന്ന് കാണിച്ച് നിർമ്മാതാക്കളുടെ സംഘടന അശ്വന്തിനെതിരെ മുൻപും പരാതി നൽകിയിട്ടുണ്ട്.

നെഗറ്റീവ് റിവ്യു ഒഴിവാക്കാൻ നടൻ മാധവ് സുരേഷിനോടും നിർമാതാവിനോടും അശ്വന്ത് കോക്ക് പണം ആവശ്യപ്പെട്ടെന്ന ആരോപണവും വന്‍ വിവാദത്തിന് വഴിവച്ചിരുന്നു. അങ്ങനെ കോക്ക് എയറിലാകാന്‍ കാത്തിരുന്നുവര്‍ക്ക് പുതിയ സംഭവം ചാകരയായി. പൊലീസിന്റെ തുടർന്നുള്ള നടപടികൾ എന്താകുമെന്നും, സംഭവത്തിൽ വിശദീകരണവുമായി അശ്വന്ത് കോക്ക് ഇനി യൂട്യൂബിൽ വീഡിയോയുമായി എത്തുമോ എന്നും ഉറ്റുനോക്കുകയാണ് സോഷ്യൽ മീഡിയ.

YouTuber Ashwanth Kok Arrested for Drunk Driving:

Ashwanth Kok, a popular YouTuber known for his critical film reviews, has been arrested by the police in Kozhikode for drunk driving and causing multiple accidents. His arrest has sparked widespread discussion, with many drawing parallels to his characteristic review style in his responses to the media.