kseb

നിരന്തര ചർച്ചകൾക്കൊടുവിൽ കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതിക്ക് ഗ്രാന്റ് അനുവദിക്കാമെന്നറിയിച്ച് കേന്ദ്രസർക്കാർ. ഓരോ മീറ്ററിനും 900 രൂപ വീതം സബ്‌സിഡിയായി ലഭിക്കും. കേന്ദ്രം നിർദേശിച്ച രീതിയിലല്ലാതെ സ്മാർട്ട് മീറ്റർ സ്ഥാപിച്ചതിനെ തുടർന്ന് നേരത്തെ ഗ്രാന്റ് നിഷേധിച്ചിരുന്നു. സഹായം ലഭിക്കുന്നതോടെ കെഎസ്ഇബിയുടെയും ഉപഭോക്താവിന്റെയും സാമ്പത്തികബാധ്യത ഭാഗികമായി ഒഴിവാകും.

സ്വകാര്യ കമ്പനികളുടെ സഹായത്തോടെ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനായിരുന്നു കേന്ദ്രനിർദേശം. നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനികൾക്ക് നൽകി ചെലവാക്കിയ തുക തവണകളായി പിരിച്ചെടുക്കുന്ന 'ടോട്ടക്സ്' (TOTEX) മാതൃകയായിരുന്നു ഇത്. ഉപഭോക്താക്കൾക്ക് കടുത്ത സാമ്പത്തിക പ്രയാസമുണ്ടാകുമെന്ന് മനസ്സിലാക്കിയാണ് കെഎസ്ഇബി സ്വന്തം നിലയിലുള്ള 'കാപ്പക്സ്' (CAPEX) മാതൃക മതിയെന്ന് ഉറപ്പിച്ചത്.

കാപ്പക്സ് മാതൃകയിൽ ഒന്നാംഘട്ടമായി 3 ലക്ഷം സ്മാർട്ട് മീറ്ററുകളിൽ 1.80 ലക്ഷം എണ്ണം സ്ഥാപിക്കുകയും ചെയ്തു. രണ്ടാംഘട്ടത്തിൽ 50 ലക്ഷം സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുക. ഇതിന്റെ ടെൻഡർ നടപടികൾ അന്തിമമായിട്ടുണ്ട്. ഫിനാൻസ് ബിഡ് തുറന്നപ്പോൾ അടങ്കൽ തുകയേക്കാൾ 41.34 ശതമാനം തുക കുറച്ചാണ് ഒന്നാം ബിഡ്ഡർ ക്വാട്ട് ചെയ്തിട്ടുള്ളത്. ഇത് കാപ്പക്സ് മാതൃകയിൽ നീങ്ങിയതുകൊണ്ടുണ്ടായ നേട്ടമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

ആർഡിഎസ്എസ് (RDSS) പദ്ധതിയിൽപ്പെടുത്തിയാണ് കേന്ദ്രം ഗ്രാന്റ് അനുവദിക്കുക. ഓരോ സ്മാർട്ട് മീറ്ററിനും 900 രൂപ വരെ ഗ്രാന്റ് ലഭിച്ചേക്കും. കേന്ദ്രവും പച്ചക്കൊടി കാണിച്ച സാഹചര്യത്തിൽ സ്മാർട്ട് മീറ്റർ പരമാവധി വേഗത്തിൽ സ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കെഎസ്ഇബി നീങ്ങും. രണ്ടാംഘട്ട സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള കമ്പനിക്ക് നാളെ (ചൊവ്വ) ചേരുന്ന കെഎസ്ഇബി ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകും.

ENGLISH SUMMARY:

The Central Government has approved financial grants for KSEB's smart meter project following prolonged negotiations between state and central officials. Under the Revamped Distribution Sector Scheme (RDSS), KSEB will receive a subsidy of ₹900 per meter, significantly easing the financial burden on both the power utility and electricity consumers. Kerala had initially been denied the grant after rejecting the Center's proposed TOTEX model, opting instead for its own CAPEX model to avoid exorbitant costs for domestic users. With tender bids for the second phase coming in over 41 percent lower than estimated costs, the KSEB Board of Directors is set to approve the contract implementation in its upcoming meeting.