സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍ പാലക്കാട് , മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ആലപ്പുഴയിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കോഴിക്കോടും, വയനാടും, കണ്ണൂരും മഴ ലഭിക്കും. ഇന്നലെ മഴക്കെടുതിയില്‍ ആറുപേരാണ് മരിച്ചത്. നാളെ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്ര ന്യൂനമര്‍ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
24 വരെ സംസ്‌ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനെതിരെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
മലവെള്ളപ്പാച്ചിലില്‍ കാണാതായ മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ നാലു പേരെ കണ്ടെത്താൻ രാവിലെ തിരച്ചിൽ ആരംഭിക്കും. കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ടു മൃതദേഹങ്ങളാണ് ഇന്നലെ രാത്രി നടത്തിയ തിരച്ചിലിൽ കണ്ടെത്താനായത്. ഇന്ന് തിരച്ചിലിന് എൻഡിആർഎഫ് എത്തുന്നുണ്ട്. മന്ത്രി എ.പി അനില്‍ കുമാറും ഏകോപനത്തിനായി സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അവധിദിനം ആഘോഷിക്കാന്‍ എത്തിവര്‍ ഉള്‍പ്പടെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് മഴവെള്ളം പാഞ്ഞെത്തിയത്. വന്‍ ശബ്ദത്തോടെ വെള്ളം പാഞ്ഞുവരുന്നത് കണ്ട് പുഴയിലും പരിസരത്തും ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ചിലര്‍ പുഴയിലെ വലിയ പാറകളില്‍ കുടുങ്ങി. പാറകളില്‍ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേര്‍ന്ന് അതിസാഹസികമായി രക്ഷപ്പെട്ടു.
ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരിൽ മണ്ണൊലിച്ചിലിൽ മരിച്ച ബാലകൃഷ്ണൻ,ചിന്നമ്മാൾ എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. അടിമാലി താലുക്ക് ആശുപത്രിയിൽ രാവിലെ പോസ്റ്റുമോർട്ടം പരിശോധന തുടങ്ങും. പരുക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് ശക്തമായ മഴക്കിടെ കൃഷിഭൂമിയിലെ ഷെഡ്ഡിൽ വിശ്രമിക്കുകയായിരുന്ന ഇവർക്ക് മേൽ മണ്ണ് പതിച്ചത്.
ഇടുക്കി, കോട്ടയം കലക്ടര്‍മാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. മഴ വിലയിരുത്താന്‍ നിര്‍ദേശം നല്‍കി. മഴ മുന്നറിയിപ്പ് എസ്എംഎസ്സായി നല്‍കും. ആവശ്യമെങ്കില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കും നിര്‍ദേശം നല്‍കി.