തിരുവനന്തപുരം പൂന്തുറയിൽ വളർത്തു നായയുടെ ആക്രമണത്തിൽ 15 പേർക്ക് പരുക്ക്. ഒരാൾക്ക് ഗുരുതര പരുക്കുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ ഒരുമണിക്കും ഏഴുമണിക്കും ഇടയിലായിരുന്നു നായയുടെ ആക്രമണം. വീട്ടില്‍ കെട്ടിയിട്ടിരുന്ന നായ തുടലുപൊട്ടിച്ച് ഓടുകയായിരുന്നു. മല്‍സ്യബന്ധനത്തിന് പോകാനും പള്ളിയിൽ പോകാനും മറ്റുമായി റോഡിലിറങ്ങിയവരെയാണ് നായ ആക്രമിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർക്ക് പരുക്കേറ്റു.

പരുക്കേറ്റവരെ ആദ്യം പൂന്തുറ ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

നായയുടെ ആക്രമണത്തിൽ ഞരമ്പ് മുറിഞ്ഞ് ഗുരുതരാവസ്ഥയിലായ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നായയെ നാട്ടുകാർ തല്ലിക്കൊന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.

A pet dog attack in Thiruvananthapuram's Poonthura has injured 15 people, with one in serious condition. :