മലപ്പുറം ചോക്കാട് കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. നാലു പേരെ കാണാതായി. അവധിദിനം ആഘോഷിക്കാന്‍ എത്തിവര്‍ ഉള്‍പ്പടെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് മഴവെള്ളം പാഞ്ഞെത്തിയത്. വന്‍ ശബ്ദത്തോടെ വെള്ളം പാഞ്ഞുവരുന്നത് കണ്ട് പുഴയിലും പരിസരത്തും ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ചിലര്‍ പുഴയിലെ വലിയ പാറകളില്‍ കുടുങ്ങി. അഞ്ചുപേര്‍ ഒലിച്ചുപോയി. പാറകളില്‍ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേര്‍ന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി . മന്ത്രി എ.പി.അനില്‍കുമാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്.
ചോക്കാട് കോട്ടപ്പുഴയില്‍ ആറ് പേരെയാണ് കാണാതായതെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു. നാലുപേരെ ഇനിയും കണ്ടെത്താനുണ്ട്. നാളെ രാവിലെ എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും. പുഴയില്‍ ഇറങ്ങിയുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. രാവിലെ കൂടുതല്‍ സന്നാഹങ്ങളോടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു
Also read: രണ്ട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; ഒരു മരണം
കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത മഴ. മണ്ണിടിഞ്ഞ് രണ്ട് അപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു . പൂഞ്ഞാര്‍ ഉറവപ്ലാവില്‍ വീടിനുമുകളില്‍ മണ്ണിടിഞ്ഞുവീണ് ഗൃഹനാഥന്‍ മരിച്ചു. ചേലക്കാട്ട് വീട്ടില്‍ ജോസഫ് ആണ് മരിച്ചത്. ജോസഫിന്റെ മക്കളെ രക്ഷപ്പെടുത്തി . തീക്കോയി വേലത്തുശേരിയില്‍ മണ്ണിടിഞ്ഞ് വീണ് ഇരുചക്രയാത്രക്കാരില്‍ ഒരാള്‍ മരിച്ചു. ചെന്നൈ സ്വദേശി സംഗീതയാണ് മരിച്ചത്. തീക്കോയി എരിയാറ്റുപാറയില്‍ മണ്ണിടിഞ്ഞ് രണ്ട് വീടുകള്‍ തകര്‍ന്നു. വീടുകളില്‍ ആളില്ലായിരുന്നു. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ മണ്ണിനടിയിലായി. പാലാ – ഈരാറ്റുപേട്ട റോഡില്‍ വെളളം കയറി. തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ മേഖലയിൽ മഴ ശക്തമായതോടെ മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നു.
ഇടുക്കി കൊട്ടക്കാമ്പൂരിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണൊലിപ്പിൽ രണ്ട് പേർ മരിച്ചു. അമ്മൻ കോവിൽ സ്വദേശിയായ ബാലകൃഷ്ണൻ ബന്ധു ചിന്നമ്മാൾ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മൾ ചികിത്സയിലാണ്. മൂന്ന് മണിക്കൂറോളം പെയ്ത ശക്തമായ മഴയിലാണ് പ്രദേശത്ത് മണ്ണൊലിപ്പുണ്ടായത്. അതിനിടെ അടിമാലി വാളറ നേര്യമംഗലം മേഖലയില്‍ ശക്തമായ മഴയാണ് . ദേവിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നു. പത്താംമൈല്‍മുക്ക് ഭാഗത്ത് താഴ്ന്ന പ്രദേശത്ത് വെള്ളംകയറി. വാളറ വനമേഖലയില്‍ ചീയപ്പാറയ്ക്ക് സമീപം മണ്ണിടിഞ്ഞ് ദേശീയ പാതയില്‍ വീണു. അടിമാലി പഴമ്പച്ചാലില്‍ മണ്ണിടിഞ്ഞ് റോഡില്‍ വീണു.
കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ മഴ.കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ടാണ്. 5 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി , വയനാട് , കണ്ണൂർ ജില്ലകളിലാണ് യെലോ അലര്‍ട്ട് .വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി ന്യൂനമർദ്ദമായി മാറി . മറ്റന്നാൾ ബംഗാൾ ഉൾക്കടലിനു മുകളിൽ അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. 24 വരെ സംസ് ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനെതിരെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.