ഉദ്യോഗസ്ഥർ പൂഴ്ത്തി വയ്ക്കാൻ ശ്രമിച്ച കാട്ടുപോത്തു വേട്ടയെക്കുറിച്ചുള്ള വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച കരാർ ഡ്രൈവറെ പിരിച്ചുവിട്ട് വനംവകുപ്പ്. മലപ്പുറം നിലമ്പൂർ നോർത്ത് വനം ഡിവിഷനിലെ കാഞ്ഞിരപ്പുഴ സ്റ്റേഷനിൽ ഡ്രൈവറായി 20 വർഷം ജോലി ചെയ്ത റഷീദ് ചക്കാലക്കുന്നനെ കാട്ടുപോത്ത് വേട്ടയിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യാനും ചില ഉദ്യോഗസ്ഥർ രഹസ്യനീക്കം നടത്തി. വേട്ട സംഘത്തിനൊപ്പം ചേർന്ന് ഏതാനും ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചന വ്യക്തമാക്കുന്ന റിപ്പോർട്ട് വനം വിജിലൻസ് ഡി.എഫ്.ഒ തയ്യാറാക്കി കൈമാറിയിട്ടും ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ സ്വാധീനത്തിൽ പുറംലോകം കണ്ടില്ല. മനോരമ ന്യൂസ് അന്വേഷണം.
2024 ജനുവരി 8 നാണ് 750 കിലോയോളം തൂക്കമുള്ള കാട്ടുപോത്തിനെ വേട്ടയാടിയത്. അതും 24 മണിക്കൂറും ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുള്ള ഇരുൾകുന്ന് ഔട്ട് പോസ്റ്റിൽ നിന്നും ഒരു കിലോമീറ്റർ താഴെ ദൂരത്തിലുള്ള വനത്തിൽ വച്ച് വെടിവച്ചതും ഇറച്ചിയാക്കിയതുമെല്ലാം പട്ടാപകലാണ്. വിവരമറിഞ്ഞ ഡ്രൈവറായ റഷീദ് ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി. കാട്ടുപോത്തിന്റെ അസ്ഥികളും തോലുമെല്ലാം കണ്ടു. എന്നാൽ കേസ് ഒതുക്കി തീർക്കാമെന്നും എല്ലും തോലും വനത്തിൽ കുഴിച്ചു മൂടി തെളിവ് നശിപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥർ റഷീദിന് നിർദേശം നൽകിയത്. വിസമ്മതിച്ചതോടെ അനിഷ്ടമായി.
വിവരമറിയിച്ചെങ്കിലും റേഞ്ച് ഓഫീസറും കൈകഴുകിയതോടെ റഷീദ് എ സി എഫിനെ ഗൗരവം ധരിപ്പിച്ചു. ഒട്ടും സമയം കളയാത്ത സ്ഥലത്ത് എത്തിയ എ സി എഫ് കേസെടുക്കാൻ നിർദേശം നൽകി. ഇതോടെ ഒപ്പം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ട്രാക്കു മാറ്റി പിടിച്ചു. നിരപരാധിയാണെന്ന് റഷീദിന് ബോധ്യമുള്ള പൊതുപ്രവർത്തകന്റെ വീട്ടിലോ പരിസരത്തോ കാട്ടുപോത്തിൻ്റെ അസ്ഥികളും തോലും കൊണ്ടുപോയിടാൻ അടുത്ത നിർദേശം വന്നു. ഈ നിർദേശവും റഷീദ് അനുസരിച്ചില്ല.
പിറ്റേദിവസം അറിഞ്ഞ വേട്ടയിൽ കേസെടുത്തത് ഒരു മാസത്തിനു ശേഷം. ഡ്രൈവർ റഷീദിന് ഇതേ കാട്ടുപോത്തിന്റെ ഇറച്ചി കൈമാറിയെന്ന് പ്രതികളെ കൊണ്ട് പറയിക്കാനും ശ്രമിച്ചതും ഒന്നിച്ചു ജോലിചെയ്യുന്ന ഇതേ ഉദ്യോഗസ്ഥരാണ്. അരിശം തീർക്കാനായി 20 വർഷമായി ചെയ്തിരുന്ന ജോലിയിൽ നിന്ന് ഒരു മാസത്തേക്ക് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ റഷീദിനെ സ്ഥിരമായി വനംവകുപ്പിന്റെ പടിക്ക് പുറത്തുനിർത്തി. കോഴിക്കോട് വനം വിജിലൻസ് ഡി എഫ് ഒ നടത്തിയ അന്വേഷണത്തിൽ റഷീദിനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായിട്ടുണ്ട്. വേട്ട സംഘത്തിന് വേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വേട്ടക്കാർക്കു വേണ്ടി ഗുരുതരമായ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ കഴിഞ്ഞ ഒരു വർഷത്തിലധികമായി അന്വേഷണ റിപ്പോർട്ടിന്മേൽ അടയിരിക്കുകയാണ് വനംവകുപ്പിലെ ഉന്നതർ.