anto-augustine-bail-rejected-illegal-liquor-case-wayanad
  • വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ റിമാൻഡിൽ കഴിയുന്ന ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി തള്ളി

വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തെ ബാധിക്കുമെന്നും പ്രതി സ്വാധീനമുള്ള വ്യക്തിയായതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി പൂർണ്ണമായും അംഗീകരിക്കുകയായിരുന്നു. വിധിയെ തുടർന്ന് പ്രതി മാനന്തവാടി ജില്ലാ ജയിലിൽ തന്നെ തുടരും.

കേസിൽ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ മണിക്കൂറുകൾ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. മദ്യം കണ്ടെടുത്ത കെട്ടിടം ആന്റോ അഗസ്റ്റിന്റേതല്ലെന്നും, റെയ്ഡ് നടക്കുമ്പോൾ പ്രതി സ്ഥലത്തില്ലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. 

എന്നാൽ, മദ്യം പിടിച്ചെടുത്ത വീടിന് ആന്റോ നികുതി അടച്ച രേഖകൾ ഹാജരാക്കിയ പ്രോസിക്യൂഷൻ, പ്രതിയും മദ്യശേഖരവും തമ്മിലുള്ള ബന്ധം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കി. വാദങ്ങൾക്കൊടുവിൽ പ്രതിഭാഗം മുന്നോട്ടുവെച്ച കാര്യങ്ങൾക്ക് തക്കതായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൽപ്പറ്റ എക്സൈസ് സംഘം കോടതിയിൽ അപേക്ഷ നൽകി. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആന്റോ അഗസ്റ്റിനെ നാളെ രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാരിന്റെയോ എക്സൈസിന്റെയോ സ്റ്റാമ്പില്ലാത്ത വിദേശനിർമ്മിത മദ്യം ഉൾപ്പെടെ കണ്ടെത്തിയതിനാൽ ഇതിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് അടക്കമുള്ള തുടർനടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.

ENGLISH SUMMARY:

The Sultan Bathery Magistrate Court in Wayanad has rejected the bail plea of Anto Augustine, owner of Reporter Broadcasting Company, in connection with the illegal liquor possession case. The case was registered by the Kalpetta Excise department under the Abkari Act following the seizure of a massive stockpile of illicit liquor from his family home in Vazhavatta.