പത്തനംതിട്ട ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് മഴ കാര്യമായി കുറഞ്ഞതോടെ വരും മാസങ്ങളിൽ വൈദ്യുതോല്പാദനം കടുത്ത പ്രതിസന്ധിയിലാകും. വരാനിരിക്കുന്ന തുലാമഴ ശക്തമായില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് ആശങ്ക.
കഴിഞ്ഞ വർഷം ഈ സമയത്ത് സംഭരണികളിൽ 80 ശതമാനം വെള്ളം ഉണ്ടായിരുന്നു. ഇപ്പോൾ 66 ശതമാനം മാത്രമാണ് ശേഷിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ജലനിരപ്പ് 15 ശതമാനത്തിൽ താഴെയായിരുന്നു. ഓഗസ്റ്റിൽ ലഭിച്ച മഴയിലാണ് ജലനിരപ്പ് 66 ശതമാനത്തിലേക്ക് എത്തിയത്. നിലവിൽ വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യാതായിട്ട് ആഴ്ചകളായതോടെ സംഭരണികളിലേക്കുള്ള നീരൊഴുക്ക് തീർത്തും കുറഞ്ഞു.
വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ പദ്ധതിയിലെ ജനറേറ്ററുകൾ പീക്ക് ലോഡ് സമയത്ത് മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. പകൽ സമയങ്ങളിൽ കുറഞ്ഞ നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി ലഭ്യമാകുന്നതിനാൽ ശബരിഗിരി പദ്ധതിയിലെ ജനറേറ്ററുകൾ അടച്ചിടുകയാണ്. 340 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ശബരിഗിരി പദ്ധതിയിലെ അഞ്ചാം നമ്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണികൾക്കായി നിർത്തിവെച്ചിരിക്കുകയാണ്. ശേഷിക്കുന്ന ജനറേറ്ററുകളാണ് പീക്ക് ലോഡിൽ ഓടിക്കുന്നത്.
ശബരിഗിരിയിൽ നിന്നും പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ചാണ് 50 മെഗാവാട്ടിന്റെ കക്കാട്, ഏഴ് മെഗാവാട്ടിന്റെ അല്ലുങ്കൽ ഇഡിസിഎൽ, 15 മെഗാവാട്ടിന്റെ കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളിലെ ജനറേറ്ററുകൾ പ്രവർത്തിക്കുന്നത്. പകൽ സമയത്ത് ശബരിഗിരിയിൽ ഉല്‍പാദനം നടക്കാത്തതിനാൽ ഈ പദ്ധതികളിലും പകൽ സമയങ്ങളിൽ വൈദ്യുതോല്പാദനം നിലച്ച മട്ടാണ്. നിലവിൽ 981.45 മീറ്റർ പരമാവധി ശേഷിയുള്ള കക്കി - ആനത്തോട് അണക്കെട്ടിൽ 971.99 മീറ്ററും, 986.33 മീറ്റർ ശേഷിയുള്ള പമ്പയിൽ 972.4 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്.