2025ല്‍ കുറഞ്ഞ ചെലവിൽ വൈദ്യുതി വാങ്ങാനുള്ള കരാർ വാഗ്ദാനം കേരളം വേണ്ടെന്നുവച്ചതിന്റെ വിവരങ്ങള്‍ പുറത്ത്. കേരളം പിന്മാറിയ ഉടൻ ഗുജറാത്ത് സർക്കാരിന് കീഴിലെ കമ്പനി കരാര്‍ ഒപ്പിട്ടു. കേരളത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുമ്പോഴാണ് കെഎസ്ഇബി അനാസ്ഥയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.
വർഷം മുഴുവൻ വൈദ്യുതി ഉൽപ്പാദിപ്പിക്കാമായിരുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ മാത്രമല്ല, കുറഞ്ഞ ചെലവിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ വാഗ്ദാനവും കേരളം സ്വീകരിച്ചില്ല. 184.08 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് അറിയിച്ച് 2025 ജനുവരിയിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷൻ കേരളത്തെ സമീപിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചില്‍ കമ്മിഷൻ ചെയ്യുന്ന ഉത്തരാഖണ്ഡിലെ തെഹ്‌രി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിൽനിന്നുള്ള വൈദ്യുതി പീക്ക് സമയത്ത് ലഭ്യമാക്കാമെന്നായിരുന്നു വാഗ്ദാനം. കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കും പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയില്‍നിന്നുള്ള സോളർ നിരക്കും ചേർന്നുള്ള തുകയാണ് യൂണിറ്റിന് നൽകേണ്ടത്. ഇവ രണ്ടും ചേരുമ്പോഴും യൂണിറ്റിന് എട്ട് രൂപയോളമേ ചെലവ് വരൂ.
പമ്പിങ്ങിന് ഉപയോഗിക്കുന്ന സോളർ വൈദ്യുതിയുടെ നിരക്ക് ഓരോ വർഷവും കുറയുന്നതും ഭാവിയിൽ കേരളത്തിന് നേട്ടമാവുമായിരുന്നു. കേരളവുമായി കരാറുണ്ടാക്കാൻ മുന്നിട്ടിറങ്ങിയത് തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷന്‍റെ സ്പെഷൽ ഓഫിസറും മലയാളിയുമായ എ.കെ.വിജയകുമാറാണ്. അന്നത്തെ, മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതിമന്ത്രിയുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിട്ടും കെഎസ്ഇബി ഈ കരാറിൽ താൽപര്യം കാണിച്ചില്ല. മറ്റു സംസ്ഥാനങ്ങളും സ്വകാര്യ വൈദ്യുത വിതരണ കമ്പനികളും ദീർഘകാല കരാറുകൾക്ക് കാത്തിരിക്കുന്ന സമയമായിരുന്നു അത്. കേരളം പിന്മാറിയതിന് തൊട്ടുപിന്നാലെ ഗുജറാത്ത് സർക്കാരിന് കീഴിലെ ഗുജറാത്ത് ഊർജ വികാസ് നിഗം ലിമിറ്റഡ് കരാർ ഒപ്പിട്ടു.