സംസ്ഥാനത്ത് ഊര്‍ജപ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ആവശ്യം കൂടിയിട്ടും വൈദ്യുതി വാങ്ങാനാവുന്നില്ലെന്നും ഇരട്ടി വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ട്. തുടര്‍ച്ചയായ 13-ാം ദിവസമാണ് പവര്‍ കട്ട്.
ആവശ്യം കൂടിയിട്ടും വൈദ്യുതി വാങ്ങാനാവുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2025 ല്‍ 4000 മെഗാവാട്ട് മതിയായിരുന്നു, ഇപ്പോള്‍ അതുമറികടന്ന് ആവശ്യമുയര്‍ന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. കുറച്ചു നാളത്തേക്ക് പീക്ക് അവര്‍ മാനേജ്മെന്‍റ് വേണ്ടിവരും. ആരെയും കുറ്റപ്പെടുത്തുന്നില്ല, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. ഒക്ടോബറില്‍ പുതിയ വൈദ്യുതി നയം വരുന്നതോടെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കുമന്നും സതീശന്‍ വ്യക്തമാക്കി.
തുടര്‍ച്ചയായ പതിമൂന്നാം ദിവസമായ ഇന്നും പവര്‍ കട്ടുണ്ടാകും. വൈകീട്ട് 6.15 മുതല്‍ രാത്രി പന്ത്രണ്ടേകാല്‍ വരെ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രാത്രികാല ഉപഭോഗത്തിന്‍റെ അളവ് അനുസരിച്ചിരിക്കും ഓരോ പ്രദേശത്തും രണ്ട് തവണയാണോ മൂന്ന് തവണയാണോ വൈദ്യുതി പോവുകയെന്ന് തീരുമാനിക്കുക.
കടുത്ത നിയന്ത്രണവും ആവര്‍ത്തിച്ചുള്ള ഉപദേശവും തുടരുമ്പോളും വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതിയാണ് ഇന്നലെ കേരളം ഉപയോഗിച്ചത്. 96.39 ദശലക്ഷം യൂണിറ്റ്. ഇങ്ങിനെ തുടര്‍ന്നാല്‍ ഈ മാസം മുഴുവന്‍ ദുരിത രാത്രി തുടരുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.