AI Created Image

AI Created Image

കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്നലെ രാത്രിയുണ്ടായത് അസാധാരണമായ വൈദ്യുതി നിയന്ത്രണം. മിക്ക ജില്ലകളിലും ഒന്നില്‍കൂതുതല്‍ തവണ നിയന്ത്രണമുണ്ടായി. വൈകിട്ട് ആറിനും രാത്രി 12നും ഇടയില്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ്. 

എന്നാല്‍ എല്ലായിടത്തും വ്യത്യസ്ത സമയങ്ങളില്‍ രണ്ടുതവണ നിയന്ത്രണമുണ്ടായി. ചുരുക്കംചില സ്ഥലങ്ങളില്‍ രണ്ടില്‍കൂടുതല്‍ തവണയും നിയന്ത്രണമുണ്ടായി. കണ്ണൂരില്‍ രാത്രി 12 മണിക്കുശേഷവും നിയന്ത്രണം തുടര്‍ന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നില്‍കൂടുതല്‍തവണ വൈദ്യുതി നിയന്ത്രണം സംസ്ഥാനത്തുണ്ടാകുന്നത് ആദ്യമായി. 

അതിനിടെ സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധി വിലയിരുത്താന്‍ വൈദ്യുതി മന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്നിന് മന്ത്രി സണ്ണി ജോസഫിന്‍റെ ചേംബറിലാണ് യോഗം.  കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ജി രാജമാണിക്യവും ഉദ്യോഗസ്ഥരും പങ്കെടുക്കും. 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ ഗുരുതരാവസ്ഥ വീണ്ടും റെഗുലേറ്ററി കമ്മിഷനെ അറിയിക്കുന്നതിനൊപ്പം കൂടിയവില നല്‍കി വൈദ്യുതി വാങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടും. റെഗുലേറ്ററി കമ്മിഷന്‍ ആവശ്യപ്പെട്ട രേഖകള്‍ ഇന്ന് കെ.എസ്.ഇ.ബി കൈമാറും. 

കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളിലെ ജലനിരപ്പ് പരിശോധിച്ച് പരമാവധി വൈദ്യുതോല്‍പാദനം ഉയര്‍ത്താനുള്ള ശ്രമങ്ങളും പരിശോധിക്കും. നിലവിലെ സ്ഥിതിയില്‍ രാത്രികാല വൈദ്യുതി നിയന്ത്രണം ഈമാസം പകുതിവരെ തുടരേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. 

ENGLISH SUMMARY:

Kerala experienced unprecedented and erratic power cuts across several districts on Tuesday night amid soaring temperatures. Although a single half-hour load shedding was officially scheduled between 6 PM and midnight, many regions suffered multiple unscheduled outages. In places like Kannur, power disruptions continued even past midnight, creating severe hardships for residents. This marks the first time the state has faced repeated power disruptions within such a short timeframe, highlighting an escalating energy crisis.