തിയറ്ററിലെ പോപ്കോണിന്റെ വില്‍പന വിലയും നിര്‍മാണച്ചെലവും തമ്മിലുള്ളത് വലിയ അന്തരം. ഓരോ സിനിമാപ്രേമിയും നേരിടുന്നത് കൊടിയ ചൂഷണമാണ്. പാക്കറ്റിലല്ലാതെ വില്‍ക്കുന്ന പോപ്കോണിന്റെ വിലനിയന്ത്രണത്തിനും മാര്‍ഗമില്ല.
തിയറ്ററില്‍ കിട്ടുന്ന നൂറു ഗ്രാം പോപ്കോണ്‍ ഉണ്ടാക്കുന്നതിനുള്ള ചെലവ് 25 മുതല്‍ 35 രൂപ വരെയാണ്. എന്നാല്‍ അത് വിറ്റഴിക്കുന്നത് അഞ്ചും ആറും അധികം ഇരട്ടി വിലയില്‍. ഒരു ടബ് പോപ്‌കോണിന് വേണ്ട മക്കച്ചോളത്തിന്റെ വില 6 മുതല്‍ 9 രൂപ വരെ. ഉപ്പും കാരമലും ചീസും മസാലയും ഉള്‍പ്പെടെ 11 രൂപവരെ ചെലവാകും. ഏറ്റവുമധികം വില പോപ്കോണ്‍ നല്‍കുന്ന കടലാസ് ടബ്ബിനും അടപ്പിനുമാണെന്നതാണ് വിചിത്രം. 15 രൂപ വരെ. ഇതിന്റെ ഗുണം ഉപഭോക്താവിനോ കര്‍ഷകനോ ലഭിക്കുന്നതുമില്ല. ഉപഭോക്താവ് ചെലവാക്കുന്ന 100 രൂപയില്‍ കര്‍ഷകന് കിട്ടുന്നതോ ഒരു രൂപ മാത്രം.
പോപ്കോണ്‍ പായ്ക്ക് ചെയ്യാതെ വില്‍ക്കുന്നതിനാല്‍ എം.ആര്‍.പി നിശ്ചയിക്കാനാവില്ല. സോഫ്റ്റ് ഡ്രിങ്കുകളുടെ വില്‍പനയും സമാനരീതിയിലാണ്. എന്നാല്‍ കുടിവെള്ളം സൗജന്യമായി നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കപ്പെടാതെയും പോകുന്നു. നിലവിലെ ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി പരിശോധനകള്‍ക്ക് പോപ്കോണിന്റെ ചില്ലറവില്‍പനയില്‍ ഒരു നിയന്ത്രണവും ഇല്ലെന്നതാണ് വാസ്തവം. വിലനിലവാരമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുക, സൗജന്യ കുടിവെള്ളം, കുഞ്ഞുങ്ങളുടെ ഭക്ഷണം തുടങ്ങിയവ ഉറപ്പാക്കുക മാത്രമാണ് പോംവഴി.