mental-health-center

TOPICS COVERED

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റാനുളള ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ മാനസികാരോഗ്യവിദഗ്ധരുടെ സംഘടന. ഹാപ്പിനെസ് ആന്‍ഡ് വെല്‍നെസ് സെന്‍റര്‍ എന്ന് പേരുമാറ്റുന്നത് ഗുരുതര രോഗങ്ങളെ നിസാരവല്‍ക്കരിക്കാന്‍ കാരണമാകുമെന്നാണ് ഡോക്ടര്‍മാരുടെ ആശങ്ക. പേരുമാറ്റത്തിനെതിരെ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം  ഹൈക്കോടതിയെ സമീപിച്ചു. 

സന്തോഷവും സൗഖ്യവും നല്കുന്ന കേന്ദ്രങ്ങളെന്ന അര്‍ഥത്തില്‍ സര്‍ക്കാര്‍ മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ഹാപ്പിനെസ് ആന്‍ഡ് വെല്‍നെസ് സെന്‍റര്‍ എന്നാക്കി മാറ്റുമെന്നാണ് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്. ആശയത്തോട് യോജിപ്പുണ്ടെങ്കിലും ഹാപ്പിനെസ് സെന്‍റര്‍ എന്ന പേരുമാറ്റം അസംബന്ധമാണെന്നാണ് ഇന്ത്യന്‍  സൈക്യാട്രിക് സൈസൈറ്റിയുടെ നിലപാട്. ലൈസന്‍സ് സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നിഷേധിക്കപ്പെടാനുമൊക്കെ വെല്‍നെസ് സെന്‍റര്‍ എന്ന പേരുമാറ്റം കാരണമാകുമെന്നും ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്.

​മാനസികാരോഗ്യ രംഗത്തെ വിദഗ്ധരോട് ആലോചിക്കാതെയാണ് പേരുമാറ്റം എന്നും വിമര്‍ശനമുണ്ട്. നിംഹാന്‍സ് അടക്കം ലോകോത്തര സ്ഥാപനങ്ങളുടെ മാതൃകയില്‍ പേരിലും ഗുണമേന്മയിലും മാറ്റം കൊണ്ടുവരണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് എന്നോ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി ആന്‍ഡ് വെല്‍നെസ് എന്നോ പേരു മാറ്റണമെന്നും സംഘടന നിര്‍ദേശിക്കുന്നു. ഈ ആവശ്യങ്ങളുന്നയിക്കാന്‍ ഹൈക്കോടതിയിലെ കേസില്‍ സംഘടന കക്ഷി ചേര്‍ന്നിട്ടുണ്ട്. 

ENGLISH SUMMARY:

Mental health centres in Kerala are facing a proposed name change to 'Happiness and Wellness Centres', which mental health experts and the Indian Psychiatric Society fear could trivialize serious mental illnesses and lead to licensing and insurance issues. They advocate for names that reflect the quality and scope of the institutions, suggesting alternatives aligned with world-class facilities like NIMHANS.