കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ വിവാദ പ്രസ്താവന തള്ളി പാളയം ഇമാം വി പി സുഹൈബ് മൗലവി. ഇസ്ലാമില്‍ ലിംഗ വിവേചനമില്ലെന്നും  സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വെള്ളിയാഴ്ച നമസ്ക്കാരത്തിനിടെ പാളയം ഇമാം പറഞ്ഞു. അനാവശ്യ നിയന്ത്രണങ്ങള്‍ ആവശ്യമില്ല. വിശുദ്ധ ഖുറാനിലെ  പരാമര്‍ശങ്ങളില്‍ പോലും സ്ത്രീ പുരുഷന്‍മാര്‍ക്കിടയില്‍ തുല്യതയാണ് മുന്നോട്ട് വെയ്ക്കുന്നത്. ജോലിയിലും  പ്രവര്‍ത്തന മേഖലയിലും ഒരു ലിംഗ വിവേചനവും ഇസ്ലാം പറയുന്നില്ല. വേതനത്തിലും  സ്ത്രീപുരുഷ  തുല്യതയാണ് ഇസ്ലാം  പറയുന്നത്.  പ്രവാചകന്‍റെ ഭാര്യ യുദ്ധത്തില്‍ പങ്കാളിയായിട്ടുണ്ടെന്നും ഇസ്ലാമിക ചരിത്രം പരാമര്‍ശിച്ചുകൊണ്ട് പാളയം ഇമാം പറഞ്ഞു.

സമീപദിവസങ്ങളില്‍ സംസ്ഥാനത്ത് വന്‍വാര്‍ത്താപ്രാധാന്യം നേടിയ പ്രസ്താവനയായിരുന്നു കാന്തപുരം നടത്തിയത്. സ്ത്രീകളെ പൊതുരംഗത്തിറക്കിയാൽ വലിയ നാശമാണ്. പുറത്തിറങ്ങരുതെന്നു പറയുന്നതു ബഹുമാനം കൊണ്ടാണ്. പർദ സമ്പ്രദായം ഏർപ്പെടുത്തിയത് അതിനാലാണ്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം. മതം പഠിച്ചയാളെന്ന നിലയിൽ ഇതു പറയാൻ തനിക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നെന്നും കാന്തപുരം വ്യക്തമാക്കി. 

Also read: 'സ്ത്രീകളെ കുഴിച്ച് മൂടണമെന്ന് പറയുന്നവരല്ല ഞങ്ങള്‍'; വിശദീകരണവുമായി കാന്തപുരം

മതം പറയാൻ ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. മറ്റൊരു മതത്തെ കളിയാക്കാൻ അവകാശമില്ല. ഏതെങ്കിലും സംഘടനയുടെ ആളുകൾ എന്തെങ്കിലും പറഞ്ഞാലോ ചോദ്യം ചെയ്താലോ പേടിച്ചോടില്ലെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഹുബ്ബു റസൂൽ കോൺഫറൻസിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ENGLISH SUMMARY:

Palayam Imam VP Suhaib Moulavi has refuted Kanthapuram AP Abubaker Musliyar's controversial statement regarding women's public presence. The Imam emphasized that Islam does not advocate for gender discrimination and that women are not prohibited from going out, upholding equality in Quranic teachings and historical examples.