കുന്നംകുളത്തെ കസ്റ്റഡി മര്‍ദനത്തില്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടാത്ത സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്. കൂടെയുണ്ടെന്ന് പറഞ്ഞവര്‍ നീതി നല്‍കിയില്ലെന്ന് വി.എസ് സുജിത് ആരോപിച്ചു. 

മനസാക്ഷിയെ പിടിച്ചുലച്ച കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന്‍റെ ദൃശ്യങ്ങളാണിത്. കോണ്‍ഗ്രസ് അന്ന് പ്രതിപക്ഷത്താണ്. ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വി.ഡി സതീശന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ വന്ന് നൂറു ദിവസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടില്ല. ഈ സര്‍ക്കാരില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാവായ വര്‍ഗീസ് ചൊവ്വന്നൂര്‍ പറഞ്ഞു. 

കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ വലിയ ബഹളമുണ്ടാക്കിയ കേസ് കൂടിയാണിത്. ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു അന്നത്തെ ബഹളം. പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന കീഴ്വഴക്കം കുന്നംകുളം കേസോടുകൂടിയാണ് തുടങ്ങിയത്. 

ENGLISH SUMMARY:

allegations of inaction against officials involved in the Kunnathukulam custodial torture. Youth Congress leader VS Sujith criticized the government for not dismissing the officers, stating that those who promised support did not deliver justice.