പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന 169 രേഖകൾ പൊലീസിന് കൈമാറിയതായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ. 2017-ൽ ക്രൈം ബ്രാഞ്ച് തലവനായിരുന്ന നിതിൻ അഗർവാളിന്റെ നിർദ്ദേശപ്രകാരമാണ് കേസ് അന്വേഷണം ആരംഭിച്ചതെന്നും, കുറുപ്പ് മരണപ്പെട്ടതായി തെളിയിക്കുന്ന യാതൊരു വസ്തുതകളും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാര കുറുപ്പിന്റെ കുടുംബാംഗങ്ങളിൽ നിന്നടക്കം അദ്ദേഹം ജീവനോടെയുണ്ടെന്ന് വിശ്വസിക്കാവുന്ന സുപ്രധാന വിവരങ്ങളും രേഖകളുമാണ് താൻ ശേഖരിച്ച് കൈമാറിയതെന്നും മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്‍റില്‍ അലി അക്ബർ വെളിപ്പെടുത്തി.
2023-ൽ ബ്രൂണെയിൽ ഇയാൾ കാറിൽ വന്നിറങ്ങി ഹോട്ടലിലേക്ക് പോകുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും വിവരങ്ങൾ ശേഖരിച്ചിരുന്നു. 'ജോൺ മേനോൻ' എന്ന പേരിലാണ് ഇയാൾ അവിടെ മറ്റുള്ളവരുമായി പരിചയപ്പെട്ടിരുന്നത്. ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരനാണ് താനെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നതെങ്കിലും ഇയാൾക്ക് നന്നായി മലയാളം സംസാരിക്കാനറിയാമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഒരു വ്യക്തി സുകുമാരക്കുറുപ്പുമായി സംസാരിച്ചിരുന്നുവെന്നും, ഹിന്ദിയും മലേഷ്യൻ ഭാഷയും സംസാരിച്ചതിനാൽ ആദ്യം തിരിച്ചറിയാനായില്ലെങ്കിലും പിന്നീട് സംശയം തോന്നി തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും അലി അക്ബർ പറഞ്ഞു. തുടർന്ന് ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങൾ വച്ച് നടത്തിയ പരിശോധനയിൽ അത് സുകുമാര കുറുപ്പ് തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.
സുകുമാര കുറുപ്പിന്റെ കുടുംബത്തിലെ ഒരു വ്യക്തി പോലും ഇയാൾ മരണപ്പെട്ടു എന്ന് വിശ്വസിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച അലി അക്ബർ, താനും ആ നിഗമനത്തിലാണ് ഉള്ളതെന്ന് ഉറപ്പിച്ചുപറയുന്നു. കുടുംബാംഗങ്ങളെ അയാള്‍ ബന്ധപ്പെടുന്നുണ്ട്. ഭാര്യയുടെ പേര് സരസമ്മ എന്നാണ്. സരസു എന്നാണ് സുകുമാര കുറുപ്പ് അവരെ വിളിക്കുന്നത്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവാരങ്ങള്‍ വെളിപ്പെടുത്താനാവില്ല എന്നും അലി അക്ബര്‍ പറഞ്ഞു.
ചാക്കോ വധക്കേസിലെ പ്രതിയായ സുകുമാര കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് കേസ് ഫയലുകൾ ക്ലോസ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്.