അധികാരം സാധാരണക്കാര്‍ക്ക് ഗുണകരമായ വിധത്തില്‍ ഉപയോഗിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ ഐഎഎസ് അന്തരിച്ചു. 67 വയസായിരുന്നു. അര്‍ബുദബാധയേത്തുടര്‍ന്ന് ചികില്‍സയിലിരിക്കെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഡയറക്ടര്‍ ജനറല്‍ ഒാഫ് പേറ്റന്‍റ് ആയിരിക്കുമ്പോള്‍ കാന്‍സര്‍ മരുന്നുകളുടെ വില കുറയ്ക്കാനുളള വിപ്ളവകരമായ ഇടപെടല്‍ നടത്തി. മുല്ലപ്പെരിയാര്‍ വിഷയത്തിലും നിര്‍ണായക പങ്കു വഹിച്ചു.
റവന്യു, വ്യവസായം, ജലവിഭവം തുടങ്ങിയ സുപ്രധാന വകുപ്പുകളില്‍ ദീര്‍ഘകാലം സെക്രട്ടറിയായിരുന്നു. 2018 ലെ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും പി.എച്ച്.കുര്യനായിരുന്നു. ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ മുട്ടടയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കോട്ടയത്തേയ്ക്ക് കൊണ്ടുപോകും. ശനിയാഴ്ച കോട്ടയം പാമ്പാടി കുറ്റിക്കല്‍ സെന്‍റ് തോമസ് ഒാര്‍ത്തഡോക്സ് പളളിയിലാണ് സംസ്കാരം.